---
title: "കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ"
english_title: "Vigilance Probe Recommended Against Headmistress Over Mid-Day Meal and Scholarship Irregularities in Kerala School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374090/pozhiyoor-school-headmistress-vigilance-probe-midday-meal-scholarship-kerala"
published_at: "2026-07-23T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61bb0600a8e_pozhiyoor-school-headmistress-vigilance-probe-midday-meal-scholarship-kerala.jpg"
keywords: ["Latest News", "Vigilance Inquiry", "Pozhiyoor School  Thiruvananthapuram", "Scholarship Scam", "Child Rights Commission"]
---

# കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

> **Lead Summary:** തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിലും സ്കോളർഷിപ്പ് വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം പാറശ്ശാല പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപിക ബി.ഡി. ബീനക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു.

## Article Content

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിലും സ്കോളർഷിപ്പ് വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം പാറശ്ശാല പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപിക ബി.ഡി. ബീനക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു.

കമ്മീഷൻ നടത്തിയ രണ്ടുവർഷത്തെ തെളിവെടുപ്പിനൊടുവിലാണ് ഈ ശുപാർശ. സ്കൂളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തിയത്.

കുട്ടികളുടെ യഥാർത്ഥ എണ്ണം കുറച്ചുകാണിച്ച് അരി അധികമായി എടുത്തുവെന്നാണ് പ്രധാന ആരോപണം. അതായത് കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് ഉച്ചഭക്ഷണത്തിന് ലഭിക്കേണ്ട അരിയും മറ്റ് സാധനങ്ങളും വെട്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഇതുകൂടാതെ കുട്ടികൾക്ക് നൽകേണ്ട പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയുടെ വിതരണത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തി.വാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ വ്യാജമായി തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നൽകേണ്ട മുട്ട, പാൽ എന്നിവ വാങ്ങുന്നതിലും വൻ വീഴ്ച സംഭവിച്ചതായി കമ്മീഷൻ വ്യക്തമാക്കി.മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് വിതരണത്തിലും വൻ ക്രമക്കേടുണ്ട്. നിരവധി പേരുടെ പേരിൽ തുക രസീതിൽ എഴുതിവാങ്ങിയെങ്കിലും യു.പി. വിഭാഗത്തിലെ 22 കുട്ടികൾക്ക് മാത്രമാണ് യഥാർത്ഥത്തിൽ പണം നൽകിയത്.

ബാക്കി തുക എന്തുചെയ്തു എന്നതിന് വ്യക്തതയില്ല.ഇതേത്തുടർന്ന് പ്രഥമാധ്യാപികയിൽ നിന്ന് തുക ഈടാക്കി അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പ് തുക സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

സംഭവത്തിൽ വിശദമായ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും കൃത്യമായി എത്തുന്നില്ലെന്ന സംഭവം വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374090/pozhiyoor-school-headmistress-vigilance-probe-midday-meal-scholarship-kerala)