---
title: "ചിരി മായും മുൻപേ ചാരമായി...! പെറുവിൽ വീടിന് തീയിട്ട് കൂട്ടക്കൊല; ഒരേ കുടുംബത്തിലെ അഞ്ച് കുരുന്നുകൾ ഉൾപ്പെടെ 10 പേർ വെന്തുമരിച്ചു"
english_title: "Peru Lima Fire Kills 10 Members Of Same Family Including 5 Children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374083/peru-lima-fire-10-killed-same-family-children"
published_at: "2026-07-23T11:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b0d62c1c9_peru-lima-fire-10-killed-same-family-children.jpg"
keywords: ["Peru Fire", "Lima Accident", "La Victoria", "Family Death", "Arson"]
---

# ചിരി മായും മുൻപേ ചാരമായി...! പെറുവിൽ വീടിന് തീയിട്ട് കൂട്ടക്കൊല; ഒരേ കുടുംബത്തിലെ അഞ്ച് കുരുന്നുകൾ ഉൾപ്പെടെ 10 പേർ വെന്തുമരിച്ചു

> **Lead Summary:** **ലിമ: **പെറു തലസ്ഥാനമായ ലിമയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരേ കുടുംബത്തിലെ 10 പേർ വെന്തുമരിച്ചു. മരിച്ചവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.ദക്ഷിണ ലിമയിലെ ലാ വിക്ടോറിയ ജില്ലയിലെ വസതിയിലാണ് ദുരന്തം. തീപിടിത്ത സമയത്ത് വീട്ടിലുണ്ടായിരുന്ന 17 കുടുംബാംഗങ്ങളിൽ ഏഴ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**ലിമ: **പെറു തലസ്ഥാനമായ ലിമയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരേ കുടുംബത്തിലെ 10 പേർ വെന്തുമരിച്ചു. മരിച്ചവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.ദക്ഷിണ ലിമയിലെ ലാ വിക്ടോറിയ ജില്ലയിലെ വസതിയിലാണ് ദുരന്തം. തീപിടിത്ത സമയത്ത് വീട്ടിലുണ്ടായിരുന്ന 17 കുടുംബാംഗങ്ങളിൽ ഏഴ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അജ്ഞാതർ മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിൽ പെറുവിയൻ നാഷണൽ പോലീസ് അന്വേഷണം ആരംഭിച്ചു. മെത്ത നിർമാണ ബിസിനസും ഇലക്ട്രിക് മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയുമുള്ള കുടുംബത്തിന് നേരത്തെ ഭീഷണികളും പണം ആവശ്യപ്പെട്ടുള്ള കോളുകളും ലഭിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളുകൾക്ക് അജ്ഞാതർ തീയിടുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. അതിവേഗം തീ ആളിപ്പടർന്ന് മെത്ത നിർമാണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളിലേക്ക് പടന്നതോടെയാണ് അപകടം വലുതായത്. നിമിഷങ്ങൾക്കുള്ളിൽ മുഴുവൻ വീടും തീയിൽ മൂടുകയായിരുന്നു.

അപകടത്തിൽ അഞ്ച് കുട്ടികളും നാല് മുതിർന്നവരും പ്രായം വ്യക്തമല്ലാത്ത ഒരാളുമാണ് മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ തീയുടെ കാഠിന്യം കാരണം രക്ഷാപ്രവർത്തനം ഏറെ വൈകി.

സംഭവത്തെ തുടർന്ന് ലാ വിക്ടോറിയ ജില്ലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീയിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374083/peru-lima-fire-10-killed-same-family-children)