---
title: "ഓഫർ കൊടുത്ത് പണിവാങ്ങിയല്ലേ ...! 'മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം'; പ്രിയങ്കയുടെ പേരിൽ കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ച രണ്ട് പേർ പിടിയിൽ"
english_title: "Two Arrested For Duping Congress Leaders With Minister Post Promise In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374036/two-arrested-duping-congress-leaders-minister-post-kerala"
published_at: "2026-07-23T08:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6188c016a95_two-arrested-duping-congress-leaders-minister-post-kerala.jpg"
keywords: ["Congress Leaders", "Cyber Fraud", "Minister Post", "Priyanka Gandhi", "Kozhikode Police"]
---

# ഓഫർ കൊടുത്ത് പണിവാങ്ങിയല്ലേ ...! 'മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം'; പ്രിയങ്കയുടെ പേരിൽ കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ച രണ്ട് പേർ പിടിയിൽ

> **Lead Summary:** **ന്യൂഡൽഹി: **യുഡിഎഫ് സർക്കാരിൽ മന്ത്രിസ്ഥാനം അടക്കം ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളെ കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് പിടികൂടിയത്.

## Article Content

**ന്യൂഡൽഹി: **യുഡിഎഫ് സർക്കാരിൽ മന്ത്രിസ്ഥാനം അടക്കം ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളെ കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് പിടികൂടിയത്.

> പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്ന വ്യാജേനയാണ് പ്രതികൾ കോൺഗ്രസ് നേതാക്കൾക്ക് ഫോൺ സന്ദേശങ്ങൾ അയച്ചത്.ആദ്യം എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനാണ് തട്ടിപ്പ് വിവരം പുറത്തുവിട്ടത്. "മൂന്നു കോടി രൂപ നൽകിയാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മന്ത്രിപദവി നൽകാം" എന്നായിരുന്നു സന്ദേശം.

പിന്നാലെ ഷാഫി പറമ്പിൽ എംപി, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർക്കും സമാനമായ കോളുകൾ ലഭിച്ചു. ഉന്നത പദവികൾ വാഗ്ദാനം ചെയ്തുള്ള ഫോൺ വിളികൾ സംശയം തോന്നിയതിനെ തുടർന്ന് നേതാക്കൾ കോഴിക്കോട് സിറ്റി സൈബർ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോൾ വന്ന സിം കാർഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ രണ്ട് മാസം മുമ്പ് ഫോൺ നഷ്ടപ്പെട്ടതായി ഇയാൾ പറഞ്ഞു. ഈ മൊഴി കണക്കിലെടുത്ത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡൽഹി സ്വദേശികളായ നിതിനെയും ഗൗരവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മുമ്പും രാഷ്ട്രീയക്കാരെ കേന്ദ്രീകരിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കേരളത്തിലെ എംഎൽഎമാരുടെയും എംപിമാരുടെയും ഫോൺ നമ്പറുകൾ പ്രതികൾക്ക് എങ്ങനെ ലഭിച്ചു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്യൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374036/two-arrested-duping-congress-leaders-minister-post-kerala)