---
title: "പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ"
english_title: "Man Sets Neighbour's House on Fire in Pathanadu, Arrested by Karukachal Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374035/kottayam-pathanadu-house-fire-arson-arrest-suraj-NEW-"
published_at: "2026-07-23T08:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6185c8cf525_kottayam-pathanadu-house-fire-arson-arrest-suraj.jpg"
keywords: ["Kottayam News", "Pathanadu", "Arson", "Karukachal Police", "Crime News", "Kerala"]
---

# പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

> **Lead Summary:** **കങ്ങഴ: **കോട്ടയം കങ്ങഴയിൽ വ്യക്തിവിരോധത്തെത്തുടർന്ന് അയൽവാസിയുടെ വീടിന് തീയിട്ട് യുവാവ് . സംഭവത്തിൽ വീട്ടുടമസ്ഥന് ഗുരുതരമായി പരിക്കേറ്റു. പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി.നായരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കങ്ങഴ: **കോട്ടയം കങ്ങഴയിൽ വ്യക്തിവിരോധത്തെത്തുടർന്ന് അയൽവാസിയുടെ വീടിന് തീയിട്ട് യുവാവ് . സംഭവത്തിൽ വീട്ടുടമസ്ഥന് ഗുരുതരമായി പരിക്കേറ്റു. പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി.നായരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ളയ്ക്കാണ് (64) പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9:45-ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. രാധാകൃഷ്ണപിള്ളയുടെ മകനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മകനെ അന്വേഷിച്ചെത്തിയ സൂരജ് വീട്ടിൽ ബഹളമുണ്ടാക്കുകയും ഒറ്റയ്ക്കായിരുന്ന രാധാകൃഷ്ണപിള്ളയെ ക്രൂരമായി മർദ്ദിച്ച ശേഷം വീടിന് തീയിടുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചതും പരിക്കേറ്റ രാധാകൃഷ്ണപിള്ളയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആക്രമണത്തിൽ അടുക്കള ഒഴികെയുള്ള മുറികളും മുഴുവൻ വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തിനശിച്ചു.

വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ കറുകച്ചാൽ പോലീസ് സമീപത്തുണ്ടായിരുന്ന പ്രതി സൂരജിനെ അതിവേഗം പിടുകൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ പോലീസ് കാപ്പാ (KAAPA) നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. തുടർനടപടികൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ എസ്.എച്ച്.ഒ. എസ്. രാജേഷ്, എസ്.ഐ. ടി.എസ്. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374035/kottayam-pathanadu-house-fire-arson-arrest-suraj-NEW-)