---
title: "ഇന്ന് ഹർത്താൽ... മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു;  കൂടുതൽ കരുത്താർജ്ജിച്ച് സിജെപി പ്രതിഷേധം"
english_title: "Mumbai Imposes 15-Day Prohibitory Orders Amid NEET Protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374031/mumbai-15-day-prohibitory-orders-neet-protest-august-6"
published_at: "2026-07-23T08:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6182b1afb7e_mumbai-15-day-prohibitory-orders-neet-protest-august-6.jpg"
keywords: ["Latest News", "NEET Protest", "Mumbai", "Delhi Protest", "Jantar Mantar", "Student Protest"]
---

# ഇന്ന് ഹർത്താൽ... മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു;  കൂടുതൽ കരുത്താർജ്ജിച്ച് സിജെപി പ്രതിഷേധം

> **Lead Summary:** മുംബൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുക.

## Article Content

മുംബൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുക.

ദില്ലിയിലെ ജന്തർമന്തറിലും പാർലമെന്റിന് മുന്നിലും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിച്ചതോടെയാണ് പൊലീസ് ഈ കടുത്ത നടപടി സ്വീകരിച്ചത്. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ നഗരത്തിൽ നിയമപാലനം കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

അതേസമയം പാർലമെന്റ് മാർച്ചിൽ വിദ്യാർഥികളെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താലിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രധാനമായും പ്രതിഷേധം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ കോളേജുകൾക്കും സർവകലാശാലകൾക്കും മുന്നിൽ വിദ്യാർഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.ദില്ലിയിൽ നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിക്കുകയാണ്.

ജന്തർമന്തറിൽ ദിവസങ്ങളായി തുടരുന്ന സമരക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സമരവേദിയിലും പരിസരത്തും ഉണ്ടായ ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർമന്തറിനും ചുറ്റുമുള്ള പ്രദേശങ്ങൾക്കും അധിക സുരക്ഷ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്.

മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പരീക്ഷകളിലെ സുതാര്യതയും അന്വേഷണവും ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി ശക്തമാകുകയാണ്. നീറ്റ് വിഷയത്തിൽ സർക്കാർ ഉടൻ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374031/mumbai-15-day-prohibitory-orders-neet-protest-august-6)