---
title: "സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്ത് അടിച്ച  പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി; ജന്തർമന്തർ  സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി  "
english_title: "Delhi Police Transfers ADCP Sandeep Lamba After Slapping Protester During CJP March"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374029/delhi-adcp-sandeep-lamba-transferred-slapping-protester-cjp-march"
published_at: "2026-07-23T07:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a617cfd57061_delhi-adcp-sandeep-lamba-transferred-slapping-protester-cjp-march.jpg"
keywords: ["Latest News", "CJP March", "Protest", "Delhi Police"]
---

# സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്ത് അടിച്ച  പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി; ജന്തർമന്തർ  സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി  

> **Lead Summary:** ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാരിയെ മുഖത്തടിച്ച സംഭവത്തില്‍ ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് ലാംബയ്ക്കെതിരെ നടപടി.

## Article Content

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാരിയെ മുഖത്തടിച്ച സംഭവത്തില്‍ ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് ലാംബയ്ക്കെതിരെ നടപടി.

ജന്തര്‍മന്തറിലെ ഡ്യൂട്ടിയില്‍ നിന്ന് അദ്ദേഹത്തെ നീക്കി സ്റ്റേഷന്‍ ചുമതലയിലേക്ക് തിരിച്ചയക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.യുവതിയുടെ മുഖത്തടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സന്ദീപ് ലാംബയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

എന്നാല്‍ സംഭവത്തില്‍ ഡല്‍ഹി പൊലീസ് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.ഇതേ ഉദ്യോഗസ്ഥന്‍ വിദ്യാഭ്യാസ വിദഗ്ധയും സോനം വാങ്ചുക്കിന്റെ ഭാര്യയുമായ ഗീതാഞ്ജലി വാങ്ചുക്കിനെ മര്‍ദ്ദിക്കാന്‍ ട്രക്കിന് മുകളില്‍ കയറിയെന്നും പിന്നീട് അവരുടെ മുടിക്ക് പിടിച്ച് വലിച്ചിഴച്ചെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ ആരോപിച്ചു.

> "പൊലീസ് സേനയില്‍ തുടരാന്‍ യോജിച്ച മാനസികാവസ്ഥ ഇയാള്‍ക്കില്ല" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്രയും രൂക്ഷമായി പ്രതികരിച്ചു. "തൊഴില്‍ മാത്രമല്ല അയാള്‍ ചെയ്യുന്നത്. ഇത്തരം ക്രൂരന്മാരെ തിരിച്ചറിഞ്ഞ് പരസ്യമായി അപമാനിക്കുകയും സാമൂഹികമായി ബഹിഷ്‌കരിക്കുകയും നിയമനടപടിക്ക് വിധേയരാക്കുകയും വേണം.

> ഇതില്‍ ആദ്യത്തെയാള്‍ സന്ദീപ് ലാംബയാണ്" എന്നായിരുന്നു അവരുടെ പ്രതികരണം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സംഭവത്തെ അപലപിച്ചു. "അമിത് ഷായുടെ യൂണിഫോം ഇട്ട ഗുണ്ടകളുടെ യഥാര്‍ത്ഥ മുഖമാണ് ഇത്" എന്ന് അദ്ദേഹം പറഞ്ഞു.

> തിങ്കളാഴ്ചയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ സന്ദീപ് ലാംബയുടെ പേര് പ്രത്യേകം പരാമര്‍ശിച്ചു. "പരസ്യമായി ലഭ്യമായ വീഡിയോയില്‍ അഡീഷണല്‍ ഡിസിപി സന്ദീപ് ലാംബയുടെ പേരും ബാഡ്ജും വ്യക്തമായി കാണാം.

> വശത്ത് മാറിനില്‍ക്കുക മാത്രം ചെയ്ത ഒരു സ്ത്രീയെയാണ് അദ്ദേഹം തല്ലുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇത് ചെയ്തത്. നമ്മെ സംരക്ഷിക്കാനാണ് ഇത്തരം ആളുകളെ പൊലീസിന്റെ ചുമതലയില്‍ നാം ഇരുത്തിയിരിക്കുന്നത്" എന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇയാളെ കോടതിയില്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374029/delhi-adcp-sandeep-lamba-transferred-slapping-protester-cjp-march)