---
title: " ദാരുണം...! സ്കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക് "
english_title: "5-Year-Old Girl Dies After Tree Falls on School Bus in Karnataka's Bantwal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374028/karnataka-school-bus-tree-fall-5-year-old-girl-dies-bantwal"
published_at: "2026-07-23T07:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a617b07ce987_karnataka-school-bus-tree-fall-5-year-old-girl-dies-bantwal.jpg"
keywords: ["Latest News", "School Bus Accident", "Tree Fall", "Child Death", "UKG Student", "Karnataka News"]
---

#  ദാരുണം...! സ്കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക് 

> **Lead Summary:** ബെംഗളൂരു: സ്കൂളിൽ നിന്ന് കുട്ടികളെ വീട്ടിൽ എത്തിക്കാനുള്ള യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മരം വീണ് 5 വയസുകാരി ദാരുണമായി മരിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിലെ കല്ലട്കയിലാണ് സംഭവം.

## Article Content

ബെംഗളൂരു: സ്കൂളിൽ നിന്ന് കുട്ടികളെ വീട്ടിൽ എത്തിക്കാനുള്ള യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മരം വീണ് 5 വയസുകാരി ദാരുണമായി മരിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിലെ കല്ലട്കയിലാണ് സംഭവം.

കല്ലട്കയിലെ പ്രീ പ്രൈമറി സ്കൂളിലെ യുകെജി വിദ്യാർഥിനി ചിരാൻവിയാണ് മരിച്ചത്. സ്കൂൾ വിട്ട് കുട്ടികളെ ഇറക്കാൻ വേണ്ടി ബസ് നിർത്തിയ സമയത്താണ് സമീപത്തെ മരം കടപുഴകി ബസിന് മുകളിലേക്ക് വീണത്.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചിരാൻവിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ രണ്ട് കുട്ടികൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവർ പുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.തുടർച്ചയായ മഴയിലും ശക്തമായ കാറ്റിലും വേരുകൾക്ക് കേടുപറ്റി മരം കടപുഴകി വീണതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടവാർത്ത അറിഞ്ഞ് നടുങ്ങിപ്പോയെന്നും ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പരുക്കേറ്റ കുട്ടികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

മരിച്ച കുട്ടിയുടെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും ഉപമുഖ്യമന്ത്രി അറിയിച്ചു.ഒരു വർഷം മുൻപ് മുംബൈയിലെ ചെമ്പൂരിൽ സമാനമായ സംഭവത്തിൽ 11 വയസുകാരി മരിച്ചിരുന്നു. അന്ന് നാല് കുട്ടികൾക്ക് പരുക്കേറ്റിരുന്നു. കാലാവസ്ഥ മോശമായ സമയങ്ങളിൽ സ്കൂൾ ബസുകളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കണമെന്ന ആവശ്യം അപകടത്തിന് പിന്നാലെ ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374028/karnataka-school-bus-tree-fall-5-year-old-girl-dies-bantwal)