---
title: " ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ"
english_title: "Bengaluru: Man Arrested for Killing Elderly Woman, Dumping Body in Suitcase in Lake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374017/bengaluru-elderly-woman-murder-suitcase-lake-arrest"
published_at: "2026-07-23T06:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61644556d5b_bengaluru-elderly-woman-murder-suitcase-lake-arrest.jpg"
keywords: ["Latest News", "Bengaluru Crime", "Karnataka Police", "Gold Theft", "Murder Case"]
---

#  ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

> **Lead Summary:** ബംഗളൂരു: ബംഗളൂരുവിൽ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച് തടാകത്തിൽ തള്ളിയ കേസിൽ അയൽവാസി അറസ്റ്റിൽ. ചല്ലഘട്ട സ്വദേശി ബോരേ ഗൗഡയുടെ ഭാര്യ ജയമ്മ ആണ് കൊല്ലപ്പെട്ടത്.

## Article Content

ബംഗളൂരു: ബംഗളൂരുവിൽ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച് തടാകത്തിൽ തള്ളിയ കേസിൽ അയൽവാസി അറസ്റ്റിൽ. ചല്ലഘട്ട സ്വദേശി ബോരേ ഗൗഡയുടെ ഭാര്യ ജയമ്മ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇവരുടെ അയൽവാസിയായ 21കാരൻ ഗഗൻ ആർ. നെ രാമോഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു.സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ജൂലായ് 15 മുതൽ ജയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ രാമോഹള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

ഇന്നലെ ഉച്ചയോടെ രാമോഹള്ളിയിലെ തിമ്മപ്പ തടാകത്തിൽ നിന്ന് ചുവന്ന സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്.പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീട്ടിലെത്തി ജയമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അവർ ധരിച്ചിരുന്ന സ്വർണമാലയും കമ്മലും പ്രതി കവർന്നു.

തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു സ്യൂട്ട്കേസിനുള്ളിലാക്കി ബൈക്കിൽ തടാകക്കരയിലെത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകി.കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി നേരത്തെ കവർന്ന സ്വർണം എവിടെ വിറ്റു എന്നതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374017/bengaluru-elderly-woman-murder-suitcase-lake-arrest)