---
title: "നീറ്റ് പരീക്ഷ ക്രമക്കേട്: ദില്ലിയിൽ സിജെപി സമരം ശക്തമാകുന്നു; പാർലമെന്റ് ഇന്നും സ്തംഭിച്ചേക്കും"
english_title: "NEET Irregularities Protest Intensifies at Jantar Mantar, Centre Seeks Talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374016/neet-protest-jantar-mantar-centre-talks-dharmendra-pradhan-resignation"
published_at: "2026-07-23T06:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6161fa55a1a_neet-protest-jantar-mantar-centre-talks-dharmendra-pradhan-resignation.jpg"
keywords: ["Latest News", "Jantar Mantar Protest", "NEET", "Dharmendra Pradhan", "Cockroach Janata Party", "Delhi Police", "Parliament"]
---

# നീറ്റ് പരീക്ഷ ക്രമക്കേട്: ദില്ലിയിൽ സിജെപി സമരം ശക്തമാകുന്നു; പാർലമെന്റ് ഇന്നും സ്തംഭിച്ചേക്കും

> **Lead Summary:** ദില്ലി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ ദേശീയ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ ശക്തമാകുന്നു. ജന്തർമന്തറിൽ തുടരുന്ന സമരവുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.

## Article Content

ദില്ലി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ ദേശീയ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ ശക്തമാകുന്നു. ജന്തർമന്തറിൽ തുടരുന്ന സമരവുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.

എന്നാൽ കഴിഞ്ഞ ദിവസം സമരവേദിയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജന്തർമന്തറിനും പരിസര പ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത, സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രധാന റോഡുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.നീറ്റ്, ജെഇ തുടങ്ങിയ പരീക്ഷകളിലെ ക്രമക്കേടുകൾ വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്നുവെന്നാണ് സമരക്കാരുടെ ആരോപണം. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

വിഷയം ലോക്സഭയിൽ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് അനുമതി തേടും. സർക്കാരും വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ ചർച്ച ഏത് രീതിയിൽ, എപ്പോൾ നടത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കേന്ദ്രത്തിന്റെ ഈ അവ്യക്തമായ നിലപാടിൽ പ്രതിഷേധിച്ച് ഇന്നും സഭാ നടപടികൾ സ്തംഭിക്കാനാണ് സാധ്യത.

കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമരക്കാർക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. വിദ്യാർഥി സംഘടനകളും യുവജന സംഘടനകളും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്.പരീക്ഷകളിലെ സുതാര്യതയും അർഹതയുള്ളവർക്ക് നീതിയും ഉറപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374016/neet-protest-jantar-mantar-centre-talks-dharmendra-pradhan-resignation)