---
title: "ജന്തർ മന്തറിൽ വിദ്യാർഥി സമരത്തിന് നേരെ കല്ലേറും ലാത്തിച്ചാർജും; പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി"
english_title: "Clash at Jantar Mantar: Stone Pelting and Lathicharge on Student Protest in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374014/jantar-mantar-student-protest-stone-pelting-lathicharge-delhi"
published_at: "2026-07-22T22:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60fc1a45d02_jantar-mantar-student-protest-stone-pelting-lathicharge-delhi.jpg"
keywords: ["Latest News", "Jantar Mantar", "Student Protest", "Delhi Police", "Education Crisis", "NEET"]
---

# ജന്തർ മന്തറിൽ വിദ്യാർഥി സമരത്തിന് നേരെ കല്ലേറും ലാത്തിച്ചാർജും; പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി

> **Lead Summary:** ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി സമരത്തിൽ വീണ്ടും സംഘർഷം. ബുധനാഴ്ച സമരവേദിക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന് പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

## Article Content

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി സമരത്തിൽ വീണ്ടും സംഘർഷം. ബുധനാഴ്ച സമരവേദിക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന് പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

സൻസദ് മാർഗിൽ സമരവേദിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. സാമൂഹിക വിരുദ്ധരാണ് സമരക്കാർക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. കല്ലേറിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായതോടെയാണ് പൊലീസ് ബലം പ്രയോഗിച്ചത്. ആയിരക്കണക്കിന് വിദ്യാർഥികൾ ഇന്നും സമരവേദിയിലേക്ക് എത്തിയിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കും വിദ്യാർഥികൾക്ക് നേരെയുള്ള അടിച്ചമർത്തലുകൾക്കും എതിരെയാണ് പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കോക്രോച്ച് ജനതാ പാർടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ശക്തമാകുകയാണ്. ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരത്തെ തുടർന്ന് ജന്തർ മന്തറിലേക്ക് എത്തുന്ന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തെ ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു. പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ കേൾക്കണമെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374014/jantar-mantar-student-protest-stone-pelting-lathicharge-delhi)