---
title: "തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Body of Revenue Office Employee Found Burnt in Tirur Identified, Police Probe On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374013/tirur-burnt-body-identified-revenue-employee-rajesh"
published_at: "2026-07-22T22:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60fa078fd11_tirur-burnt-body-identified-revenue-employee-rajesh.jpg"
keywords: ["Latest News", "Burnt Body", "Tirur Civil Station", "Police Investigation", "Crime News"]
---

# തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരൂർ തെക്കുംമുറി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന റവന്യൂ ഓഫീസിലെ പ്യൂൺ നടുവിലക്കണ്ടി രാജേഷ് ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

## Article Content

തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരൂർ തെക്കുംമുറി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന റവന്യൂ ഓഫീസിലെ പ്യൂൺ നടുവിലക്കണ്ടി രാജേഷ് ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് സിവിൽ സ്റ്റേഷന് പിന്നിൽ പുക ഉയരുന്നത് നാട്ടുകാർ കാണുന്നത്. ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തിരൂർ പൊലീസും മലപ്പുറത്തുനിന്നുള്ള ഫോറൻസിക്, വിരലടയാള വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രാജേഷ് തീ കൊളുത്തി മരിച്ചതായാണ് പ്രാഥമിക നിഗമനം.തിരൂർ താലൂക്ക് ഓഫീസ്, ആർ.ഡി.ഒ. ഓഫീസ്, ലാൻഡ് ട്രിബ്യൂണൽ എന്നിവിടങ്ങളിൽ രാജേഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പിതാവ് രാമൻ സർവീസിലിരിക്കെ മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിലൂടെയാണ് രാജേഷിന് റിസർവ് ഓഫീസിൽ ജോലി ലഭിച്ചത്.സംഭവസ്ഥലം സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ്, തഹസിൽദാർ ആഷിക്ക്, എസ്.ഐമാരായ എൻ.ആർ. സുജിത്ത്, ടി. നസീർ, നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി എന്നിവർ സന്ദർശിച്ചു.

തിരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.

നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വ്യാഴാഴ്ച രാവിലെ ചെമ്മാട് നടക്കും.രാജേഷിന്റെ പിതാവ്: പരേതനായ രാമൻ. മാതാവ്: ദേവകി. സഹോദരങ്ങൾ: രതീഷ്, രാജിഷ, ദിനേശ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374013/tirur-burnt-body-identified-revenue-employee-rajesh)