---
title: "'അന്നൊന്നും വായ തുറന്നില്ലല്ലോ'..? സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം"
english_title: "YuvaMorcha Protests at Tovino Thomas House for Supporting Delhi Student Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374009/yuvamorcha-protests-at-tovino-thomas-house-for-supporting-delhi-student-protest"
published_at: "2026-07-22T21:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60ef5c3b0af_yuvamorcha-protests-at-tovino-thomas-house-for-supporting-delhi-student-protest.jpg"
keywords: ["Latest News", "Tovino Thomas", "YuvaMorcha Protest", "Delhi Student Protest", "NEET"]
---

# 'അന്നൊന്നും വായ തുറന്നില്ലല്ലോ'..? സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

> **Lead Summary:** ഇരിഞ്ഞാലക്കുട: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ നടൻ ടൊവിനോ തോമസിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. യുവമോർച്ച ഇരിഞ്ഞാലക്കുട മണ്ഡലം പ്രവർത്തകരാണ് നടന്റെ വീടിന് മുന്നിലെത്തി പ്രതിഷേധ പ്രകടനം നടത്തിയത്.

## Article Content

ഇരിഞ്ഞാലക്കുട: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ നടൻ ടൊവിനോ തോമസിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. യുവമോർച്ച ഇരിഞ്ഞാലക്കുട മണ്ഡലം പ്രവർത്തകരാണ് നടന്റെ വീടിന് മുന്നിലെത്തി പ്രതിഷേധ പ്രകടനം നടത്തിയത്.

ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തിയ പ്രവർത്തകർ വാ മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. എസ്ജെപി നടത്തുന്ന സമരത്തെ പിന്തുണച്ച ടൊവിനോയുടെ പ്രതികരണം സെലക്ടീവാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോർച്ചയുടെ പ്രതിഷേധം.

> കേരളത്തിലെ പിഎസ്‌സി റാങ്ക് ജേതാക്കൾ റോഡിൽ ഇറങ്ങി സമരം ചെയ്തപ്പോഴും നഴ്സുമാർ മാസങ്ങളോളം പ്രക്ഷോഭം നടത്തിയപ്പോഴും ടൊവിനോ ഒന്നും മിണ്ടിയില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. "രാഷ്ട്രീയം ഇല്ല" എന്ന് പറയുന്ന നടൻ ഇപ്പോൾ രാഷ്ട്രീയം നോക്കി വാ തുറക്കുകയാണെന്നും ബാനറുകളിൽ എഴുതിയിരുന്നു.

കേരളത്തിലെ പിൻവാതിൽ നിയമനങ്ങളെ കുറിച്ച് എന്തുകൊണ്ട് നടൻ പ്രതികരിക്കുന്നില്ല എന്നും യുവമോർച്ച പ്രവർത്തകർ ചോദിച്ചു.നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന സമരത്തിന് സോഷ്യൽ മീഡിയയിലും മറ്റും നിരവധി സെലിബ്രിറ്റികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

> അതിന്റെ ഭാഗമായി ടൊവിനോയും ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു."പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണ്. ഇങ്ങനെ പോയാൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും. ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ പിന്തുണ," എന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.

എന്നാൽ ടൊവിനോയുടെ ഈ നിലപാടിനെതിരെയാണ് യുവമോർച്ച രംഗത്തെത്തിയത്. വിഷയത്തിൽ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374009/yuvamorcha-protests-at-tovino-thomas-house-for-supporting-delhi-student-protest)