---
title: "ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്"
english_title: "KSRTC Pink Bus Service for Women Launched in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373992/ksrtc-pink-bus-service-women-thiruvananthapuram-launch"
published_at: "2026-07-22T20:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60d9d646bfa_ksrtc-pink-bus-service-women-thiruvananthapuram-launch.jpg"
keywords: ["Latest News", "KSRTC Pink Bus", "Women Safety", "CP John", "Kerala Transport", "Thiruvananthapuram"]
---

# ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്

> **Lead Summary:** തിരുവനന്തപുരം: സ്ത്രീകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കാൻ കെഎസ്ആർടിസി പുതിയ സംരംഭം. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പിങ്ക് ബസ് സർവീസ് സംസ്ഥാന തലസ്ഥാനത്ത് നാളെ ആരംഭിക്കും.

## Article Content

തിരുവനന്തപുരം: സ്ത്രീകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കാൻ കെഎസ്ആർടിസി പുതിയ സംരംഭം. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പിങ്ക് ബസ് സർവീസ് സംസ്ഥാന തലസ്ഥാനത്ത് നാളെ ആരംഭിക്കും.

സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. നാളെ ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും.

തമ്പാനൂരിൽ നിന്ന് ടെക്നോപാർക്കിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 10:45 വരെയാണ് പിങ്ക് ബസ് സർവീസ് ഉണ്ടായിരിക്കുക. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വനിതാ ജീവനക്കാർക്കും വിദ്യാർഥിനികൾക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും.

> കേരളത്തിലെ പ്രധാന റൂട്ടുകളിൽ ഘട്ടം ഘട്ടമായി "രാത്രികാല പിങ്ക് ബസ്" സർവീസുകൾ വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പിങ്ക് നിറത്തിൽ പ്രത്യേകം അടയാളപ്പെടുത്തിയ ബസുകളായിരിക്കും സർവീസ് നടത്തുക. പരിശീലനം ലഭിച്ച വനിതാ ജീവനക്കാരെയും സർവീസിൽ നിയോഗിക്കും. സിസിടിവി, ജിപിഎസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും ബസുകളിൽ ഉണ്ടായിരിക്കും.

തലസ്ഥാനത്ത് തുടങ്ങുന്ന പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം കൊച്ചി, കോഴിക്കോട് തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373992/ksrtc-pink-bus-service-women-thiruvananthapuram-launch)