---
title: "മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്"
english_title: "Kerala Govt Approves 120 Additional Plus One Batches in Malabar, 7200 More Seats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373991/kerala-govt-approves-120-additional-plus-one-batches-malabar"
published_at: "2026-07-22T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60d8d2a2609_kerala-govt-approves-120-additional-plus-one-batches-malabar.jpg"
keywords: ["Latest News", "Plus One Admission", "Malabar Seat Crisis", "Additional Batches", "Kerala Govt", "Kerala Education"]
---

# മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

> **Lead Summary:** തിരുവനന്തപുരം: മലബാർ മേഖലയിൽ രൂക്ഷമായിരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ നിർണായക തീരുമാനം. അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.മൊത്തം 120 അധിക ബാച്ചുകളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: മലബാർ മേഖലയിൽ രൂക്ഷമായിരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ നിർണായക തീരുമാനം. അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.മൊത്തം 120 അധിക ബാച്ചുകളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ നാല് ജില്ലകളിലെ 117 സ്കൂളുകളിലായാണ് പുതിയ ബാച്ചുകൾ വരുന്നത്.

ജില്ല തിരിച്ചുള്ള വിഭജനം ഇങ്ങനെയാണ്:

പാലക്കാട്: 30ബാച്ചുകൾ

മലപ്പുറം: 60 ബാച്ചുകൾ

കോഴിക്കോട്: 20 ബാച്ചുകൾ

കാസർകോട്: 10 ബാച്ചുകൾ

ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. ഇതുപ്രകാരം നാല് ജില്ലകളിലുമായി അധികമായി 7,200 വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.ഓരോ വർഷവും പ്ലസ് വൺ പ്രവേശന സമയത്ത് മലബാർ മേഖലയിൽ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളുടെ പ്രശ്നം രൂക്ഷമായിരുന്നു.

ഉയർന്ന മാർക്ക് നേടിയിട്ടും സീറ്റ് കിട്ടാതെ നിരവധി വിദ്യാർഥികൾ ബുദ്ധിമുട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

ആ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.അധിക ബാച്ചുകൾ അനുവദിച്ചതോടെ മലബാറിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി. പ്രവേശന പ്രക്രിയ വേഗത്തിലാക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373991/kerala-govt-approves-120-additional-plus-one-batches-malabar)