---
title: " കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി "
english_title: "Nadapuram POCSO Court Sentences Man to 3 Years Jail for Attempted Sexual Assault on Minor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373989/nadapuram-pocso-court-sentences-sukumaran-3-years-jail-minor-assault"
published_at: "2026-07-22T19:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60d384292b6_nadapuram-pocso-court-sentences-sukumaran-3-years-jail-minor-assault.jpg"
keywords: ["Latest News", "Nadapuram POCSO Case", "Minor Sexual Assault", "Kottur Panchayat", "Kerala Crime News", "Kozhikode News"]
---

#  കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വീട്ടിലേക്ക് അതിക്രമിച്ചു കയറി പതിനാറ് വയസ്സുള്ള വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോട്ടൂർ പഞ്ചായത്ത് മൂലാട് ലക്ഷം വീട് കോളനിയിലെ താമസക്കാരനായ സുകുമാരൻ ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് വീട്ടിലേക്ക് അതിക്രമിച്ചു കയറി പതിനാറ് വയസ്സുള്ള വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോട്ടൂർ പഞ്ചായത്ത് മൂലാട് ലക്ഷം വീട് കോളനിയിലെ താമസക്കാരനായ സുകുമാരൻ ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

പ്രതിക്ക് 3 വർഷം 3 മാസം കഠിനതടവും 5000 രൂപ പിഴയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ വിധിച്ചു .2024 ജനുവരി 8-ന് അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറി. ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ മാനഹാനി വരുത്തുകയും ശാരീരിക അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തെ തുടർന്ന് പെൺകുട്ടി പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ എത്തി വിശദമായ മൊഴി നൽകി.

പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർമാരായ എം.സുജിലേഷ്,കെ.പി.വിനോദ്കുമാർഎന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണക്കിടെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 9 സാക്ഷികളെ വിസ്തരിച്ചു.

കേസുമായി ബന്ധപ്പെട്ട 11 രേഖകൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി വാദിച്ചു.സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373989/nadapuram-pocso-court-sentences-sukumaran-3-years-jail-minor-assault)