---
title: "പ്രവാസി മലയാളി ബാങ്കോക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം"
english_title: "Malayali Man Found Dead in Bangkok Lodge, Body Repatriation Process Begins"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373976/malayali-man-found-dead-bangkok-lodge-alappuzha-prajith"
published_at: "2026-07-22T17:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60b5139d25c_malayali-man-found-dead-bangkok-lodge-alappuzha-prajith.jpg"
keywords: ["Latest News", "Malayali Death", "Bangkok", "Alappuzha News", "Indian Embassy Thailand", "Body Repatriation"]
---

# പ്രവാസി മലയാളി ബാങ്കോക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം

> **Lead Summary:** ആലപ്പുഴ: തായ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ഒരു ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദൻ ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: തായ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ഒരു ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദൻ ആണ് മരിച്ചത്.

മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മുറിയിൽ നിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പോലീസുമായി ബന്ധപ്പെട്ട് ബന്ധുക്കൾക്ക് വിവരം നൽകുകയായിരുന്നു.

യു.കെ.യിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രജിത് ആറുമാസം മുൻപാണ് നാട്ടിലെ ഒരു സ്‌കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. സ്‌കൂളിന് അവധിയായതിനെ തുടർന്ന് വിനോദയാത്രയ്ക്കായാണ് അദ്ദേഹം ബാങ്കോക്കിലേക്ക് പോയത്.

ഇത്തരത്തിൽ വിദേശയാത്രകൾ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു യാത്രയെന്ന് ബന്ധുക്കൾ പറഞ്ഞു.അഞ്ചുദിവസം മുൻപ് അമ്മയുമായി ഫോണിൽ സംസാരിച്ച പ്രജിത് ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണവിവരം അറിയുന്നത്.മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ. യാഷ് ആണ് മകൻ.

ഭാര്യയുടെയും മകന്റെയും സമ്മതപത്രം വാങ്ങി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ ഇന്ത്യൻ എംബസിയുമായും യു.കെ. മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.പ്രജിത്തിന്റെ പെട്ടെന്നുള്ള വിയോഗം നാട്ടിൽ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373976/malayali-man-found-dead-bangkok-lodge-alappuzha-prajith)