---
title: "'വിദ്യാർഥികൾ എന്താണ് തെറ്റ് ചെയ്തത്? പ്രധാനമന്ത്രി മാപ്പ് പറയണം'; പൊലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി"
english_title: "Rahul Gandhi Shows Jantar Mantar Police Lathi Charge Video, Demands Dharmendra Pradhan's Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373968/rahul-gandhi-jantar-mantar-lathi-charge-video-dharmendra-pradhan-resign"
published_at: "2026-07-22T16:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a9dc4e1dd_rahul-gandhi-jantar-mantar-lathi-charge-video-dharmendra-pradhan-resign.jpg"
keywords: ["Latest News", "Rahul Gandhi", "Jantar Mantar Protest", "Student Protest", "NEET Paper Leak", "Dharmendra Pradhan", "Delhi Police"]
---

# 'വിദ്യാർഥികൾ എന്താണ് തെറ്റ് ചെയ്തത്? പ്രധാനമന്ത്രി മാപ്പ് പറയണം'; പൊലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി

> **Lead Summary:** ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാർത്താ സമ്മേളനത്തിന് തുടക്കമിടും മുമ്പാണ് അദ്ദേഹം വീഡിയോ മാധ്യമങ്ങൾക്ക് മുന്നിൽ പ്ലേ ചെയ്തത്.

## Article Content

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാർത്താ സമ്മേളനത്തിന് തുടക്കമിടും മുമ്പാണ് അദ്ദേഹം വീഡിയോ മാധ്യമങ്ങൾക്ക് മുന്നിൽ പ്ലേ ചെയ്തത്.

> "എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? വിദ്യാർഥികൾ എന്താണ് തെറ്റ് ചെയ്തത്?" എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്ത് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നുവെന്നും യുവാക്കൾ കടുത്ത സമ്മർദത്തിലാണെന്നും അദ്ദേഹം പറഞ്ഞു .രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം പൂർണമായി തകർന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

> "കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പറുകൾ ചോർന്നു. 7.5 കോടി കുട്ടികളെയാണ് ഇത് ബാധിച്ചത്. എന്നിട്ടും ഒരാളെയും ശിക്ഷിച്ചിട്ടില്ല. വിദ്യാർഥികളുടെ ഭാവിയാണ് സർക്കാർ തകർക്കുന്നത്. അതുകൊണ്ടാണ് യുവാക്കൾ തെരുവിലിറങ്ങുന്നത്" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മധ്യവർഗ, ദരിദ്ര കുടുംബങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

അവരുടെ കുട്ടികളാണ് ഇരകളാകുന്നത്. എന്നാൽ സർക്കാർ ഇതിൽ ഒന്നും ചെയ്യുന്നില്ല. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ രാജ്യത്തെ കുട്ടികൾ ഒരു വർഷം 1.32 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. എന്നാൽ രാജ്യത്തിന്റെ മുഴുവൻ വിദ്യാഭ്യാസ ബജറ്റ് 1.4 ലക്ഷം കോടി മാത്രമാണ്. ഇന്ത്യയിലെ യുവാക്കൾക്ക് ഇപ്പോൾ ഭാവിയില്ല.

സർക്കാർ ജോലി മാത്രമാണ് അവർക്ക് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

'യുവാക്കള്‍ക്ക് ചില ആവശ്യങ്ങള്‍ ഉണ്ട്. പരാജയപ്പെട്ട മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം. രാജി 100 ശതമാനം ന്യായമായ ആവശ്യമാണ്. യുവാക്കളെ അക്രമിക്കാന്‍ ഉത്തരവ് ഇട്ടവര്‍ക്ക് എതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണം. യുവാക്കളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നു.

കുട്ടികളുടെ പ്രതിഷേധത്തോട് 100 ശതമാനം യോജിപ്പാണ്. ജോലി നല്‍കാന്‍ സാധ്യതയുള്ള മേഖലകളെല്ലാം തകര്‍ന്നു. ഇത് വിദ്യാര്‍ഥികളുടെ തെറ്റല്ല. വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയവര്‍ക്കും അതിക്രമം നടത്തിയവര്‍ക്കും എതിരെ നടപടി വേണം. തെരുവില്‍ പ്രതിഷേധിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373968/rahul-gandhi-jantar-mantar-lathi-charge-video-dharmendra-pradhan-resign)