---
title: "‘ഇനി ഒരു ചർച്ചയ്ക്കായി ജെ പി നഡ്ഡയുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ഇല്ല’; നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ' - സിജെപി വക്താവ് "
english_title: "Thousands Gather at Jantar Mantar as CJP Rejects Talks, Abhijeet Deepke Appeals to Sonam Wangchuk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373961/jantar-mantar-protest-cjp-rejects-talks-sonam-wangchuk-hunger-strike"
published_at: "2026-07-22T16:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a2024f250_jantar-mantar-protest-cjp-rejects-talks-sonam-wangchuk-hunger-strike.jpg"
keywords: ["Latest News", "Jantar Mantar Protest", "CJP", "Sonam Wangchuk", "Abhijeet Deepke", "NEET", "Rahul Gandhi"]
---

# ‘ഇനി ഒരു ചർച്ചയ്ക്കായി ജെ പി നഡ്ഡയുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ഇല്ല’; നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ' - സിജെപി വക്താവ് 

> **Lead Summary:** ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ കോക്രോച്ച് ജനതാപാർട്ടിയുടെ സമരവേദിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ. സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ വേദി രാജ്യവ്യാപക ശ്രദ്ധ നേടുകയാണ്. കേന്ദ്രമന്ത്രിമാരുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ചർച്ചയ്ക്കായി പോകില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

## Article Content

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ കോക്രോച്ച് ജനതാപാർട്ടിയുടെ സമരവേദിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ. സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ വേദി രാജ്യവ്യാപക ശ്രദ്ധ നേടുകയാണ്. കേന്ദ്രമന്ത്രിമാരുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ചർച്ചയ്ക്കായി പോകില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

ചർച്ചയ്ക്കായി കേന്ദ്രം കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദി നിർദേശിച്ചിരുന്നെങ്കിലും അതിന് തയ്യാറല്ലെന്ന് സിജെപി അറിയിച്ചു. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ എന്നാണ് സംഘടനയുടെ നിലപാട്. ജെ.പി. നഡ്ഡയുടെ വീട്ടിലേക്ക് ചർച്ചയ്ക്ക് പോകില്ലെന്നും സൗരവ് ദാസ് പറഞ്ഞു.

കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പോലീസ് സമരക്കാർക്ക് നേരെ ആക്രമണം നടത്തിയതാണ് കാരണം. അത് ആവർത്തിക്കാൻ ഇനി അനുവദിക്കില്ല. നിലവിൽ ചർച്ചയ്ക്ക് മറ്റൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ആശുപത്രിയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അഭ്യർഥിച്ചു.

അദ്ദേഹത്തിന്റെ ത്യാഗം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രചോദനമായിട്ടുണ്ടെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു. ജൂലൈ 20ന് അദ്ദേഹത്തിനും ഈ പ്രസ്ഥാനത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവാക്കൾ ഡൽഹിയിലെത്തിയിരുന്നു.

> "ഏതെങ്കിലും ഒരു വ്യക്തിയേക്കാൾ വലുതാണ് ഈ പോരാട്ടം. വിദ്യാർഥികൾ നീതി അർഹിക്കുന്നുണ്ടെന്ന് അങ്ങ് തെളിയിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ അങ്ങയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അങ്ങയുടെ നിരാഹാരം അവസാനിച്ചാലും ഈ പോരാട്ടം അവസാനിക്കില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.

> പരീക്ഷാ നടത്തിപ്പിലെ നീതിക്കായി ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ പ്രതിഷേധങ്ങൾ തുടരും" എന്നും അഭിജിത്ത് ദീപ്കെ പ്രസ്താവനയിൽ അറിയിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്ന പ്രതിഷേധത്തിന്റെ പേരിൽ സമരക്കാർക്കെതിരെ പത്തോളം കേസുകൾ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും രംഗത്തെത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്കെതിരായ കേസിൽ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കും. ഡൽഹിയിലെ തെരുവുകൾക്ക് പുറമെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പിസികളുടെ നേതൃത്വത്തിൽ മാർച്ചുകളും ധർണകളും നടത്താനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പരീക്ഷാ ക്രമക്കേടുകളും വിദ്യാർഥികളോടുള്ള അനീതിയും ചൂണ്ടിക്കാട്ടിയാണ് സിജെപിയും അനുബന്ധ സംഘടനകളും ഈ സമരം മുന്നോട്ടുകൊണ്ടുപോകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373961/jantar-mantar-protest-cjp-rejects-talks-sonam-wangchuk-hunger-strike)