---
title: " ഏക മകന്റെ അകാലമരണത്തിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ "
english_title: "Kochi Vypin Couple Dies By Suicide: Sanjeev and Sabitha Found Hanging in Njarackal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373930/kochi-vypin-njarackal-couple-suicide-sanjeev-sabitha"
published_at: "2026-07-22T14:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6086d913fda_kochi-vypin-njarackal-couple-suicide-sanjeev-sabitha.jpg"
keywords: ["Latest News", "Suicide", "Kerala Crime", "Couple Death", "Kochi News"]
---

#  ഏക മകന്റെ അകാലമരണത്തിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ 

> **Lead Summary:** കൊച്ചി: ഏക മകന്റെ അകാല വേർപാടിലെ മനോവിഷമം മൂലം ദമ്പതികൾ ജീവനൊടുക്കി. കൊച്ചി വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ താമസിക്കുന്ന സഞ്ജീവ് , ഭാര്യ സബിത എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കൊച്ചി: ഏക മകന്റെ അകാല വേർപാടിലെ മനോവിഷമം മൂലം ദമ്പതികൾ ജീവനൊടുക്കി. കൊച്ചി വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ താമസിക്കുന്ന സഞ്ജീവ് , ഭാര്യ സബിത എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ വീടിന്റെ മുൻവശത്തെ മുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. വീടിന്റെ മുൻവാതിൽ തുറന്ന നിലയിലായിരുന്നു. വിവരം ലഭിച്ച ഉടൻ ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന സഞ്ജീവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷങ്ങൾക്ക് മുൻപാണ് സർവീസിൽ നിന്ന് വിരമിച്ചത്.ഇവരുടെ ഏക മകൻ സിജോയ് ഏതാനും വർഷങ്ങൾക്ക് മുൻപ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.

മകന്റെ വേർപാട് ഇരുവരെയും കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഒരു വർഷം മുൻപ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.അന്ന് മുതൽ സഹോദരൻ എല്ലാ ദിവസവും സഞ്ജീവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ എത്തണമെന്ന് സഞ്ജീവ് സഹോദരനോട് പറഞ്ഞിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്ന് അയൽവാസിയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദം ഉള്ളവർ വിദഗ്ധ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ - 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373930/kochi-vypin-njarackal-couple-suicide-sanjeev-sabitha)