---
title: "വെമ്പായം ബാറിലെ  സംഘർഷം; ഗുരുതരമായി പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു, മരണം രണ്ടായി"
english_title: "Thiruvananthapuram Vempayam Bar Fire: Accused Anish Dies, Second Death in Petrol Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373923/thiruvananthapuram-vempayam-bar-fire-anish-dies-second-death"
published_at: "2026-07-22T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a608103158d0_thiruvananthapuram-vempayam-bar-fire-anish-dies-second-death.jpg"
keywords: ["Vempayam Bar", "Thiruvananthapuram News", "Bar Fire", "Petrol Attack", "Kerala Crime", "Vempayam Hotel"]
---

# വെമ്പായം ബാറിലെ  സംഘർഷം; ഗുരുതരമായി പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു, മരണം രണ്ടായി

> **Lead Summary:** **തിരുവനന്തപുരം: **വെമ്പായം ബാറിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനീഷ് ആണ് മരിച്ചത്. ഈ സംഭവത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.

## Article Content

**തിരുവനന്തപുരം: **വെമ്പായം ബാറിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനീഷ് ആണ് മരിച്ചത്. ഈ സംഭവത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.

ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവാസ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ബാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ അനീഷിന്റെ ശരീരത്തിലും ഈ സമയം തീ പടരുകയായിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റാണ് ഇയാൾ ചികിത്സയിലായിരുന്നത്.

പരുക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഘർഷം ഉണ്ടായത്. ബാറിലെ എ.സി. മുറിയിൽ ഇരുന്ന് മദ്യപിച്ചിരുന്ന സംഘം തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് വലിയ ദുരന്തത്തിൽ കലാശിച്ചത്.

തർക്കത്തിനൊടുവിൽ ബാറിൽനിന്ന് പുറത്തുപോയ അനീഷ് സമീപത്തെ പമ്പിൽ നിന്നും കന്നാസിൽ പെട്രോൾ വാങ്ങി തിരിച്ചെത്തുകയായിരുന്നു. ബാറിലെ എസി ഹാളിൽ ഈ സമയം മുപ്പതോളം പേർ ഉണ്ടായിരുന്നു. ഇതിൽ എട്ടോളം പേർ അടങ്ങിയ മദ്യപാന സംഘത്തിന്റെ അടുത്തേക്ക് എത്തിയ അനീഷ് കുറച്ചുനേരം അവരുടെ കൂടെയിരുന്നു മദ്യപിച്ചു.

തുടർന്ന് വീണ്ടും ഇവരുമായി വാക്കേറ്റമുണ്ടാവുകയും ഇത് ചെറിയൊരു സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് പുറത്തുപോയി പെട്രോളുമായി മടങ്ങിയെത്തിയ അനീഷും മറ്റുള്ളവരും തമ്മിൽ ഉന്തുംതള്ളും പിടിവലിയും ഉണ്ടായി. ഈ പിടിവലിക്കിടെ കന്നാസിലുണ്ടായിരുന്ന പെട്രോൾ ബാറിലുണ്ടായിരുന്നവരുടെ ശരീരത്തിലേക്ക് ഒഴിയുകയും, തുടർന്ന് തീ ആളിപ്പടരുകയുമായിരുന്നു.

പെട്ടെന്ന് തീ ആളിപ്പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മുറിയിലെ സോഫയിലും മറ്റും വ്യാപിച്ച തീ പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പൂർണ്ണമായും അണച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373923/thiruvananthapuram-vempayam-bar-fire-anish-dies-second-death)