---
title: "നീറ്റ് സമരക്കാർക്ക് നേരെ പെല്ലെറ്റ് പ്രയോഗിച്ചില്ലെന്ന വാദം പൊളിഞ്ഞു; യുവാവിന്റെ കണ്ണിൽ നിന്നും പെല്ലെറ്റുകൾ നീക്കം ചെയ്തു"
english_title: "Hospital Report Contradicts Govt, Confirms Pellet Gun Use on NEET Protesters in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373895/delhi-neet-protest-pellet-gun-hospital-report-shaikh-irshad"
published_at: "2026-07-22T12:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a606ae3685fe_delhi-neet-protest-pellet-gun-hospital-report-shaikh-irshad.jpg"
keywords: ["NEET Protest", "Delhi Police", "Pellet Gun", "RAF", "Parliament March", "CJP"]
---

# നീറ്റ് സമരക്കാർക്ക് നേരെ പെല്ലെറ്റ് പ്രയോഗിച്ചില്ലെന്ന വാദം പൊളിഞ്ഞു; യുവാവിന്റെ കണ്ണിൽ നിന്നും പെല്ലെറ്റുകൾ നീക്കം ചെയ്തു

> **Lead Summary:** **ന്യൂഡൽഹി: **നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ സമരക്കാർക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വാദങ്ങൾ പൂർണ്ണമായും തള്ളി ആശുപത്രി അധികൃതർ രംഗത്ത്.

## Article Content

**ന്യൂഡൽഹി: **നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ സമരക്കാർക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വാദങ്ങൾ പൂർണ്ണമായും തള്ളി ആശുപത്രി അധികൃതർ രംഗത്ത്.

അർധസേനയുടെയും ഡൽഹി പൊലീസിന്റെയും അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കണ്ണിൽ നിന്നും പെല്ലെറ്റുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ലേഡി ഹാർഡിങ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡൽഹിയിലെ ലേഡി ഹാർഡിങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെയ്ഖ് ഇർഷാദ് മൻസൂരി (25) എന്ന യുവാവാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായത്.

യുവാവിന്റെ നെഞ്ചിലും കഴുത്തിലും പെല്ലെറ്റുകൾ ആഴത്തിൽ തറഞ്ഞിട്ടുണ്ടെന്നും, ഇവയും ഉടൻ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക യൂണിഫോം ധരിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ആണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ യുവാവിന്റെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

പെല്ലെറ്റ് ഗൺ ഉപയോഗിച്ചുള്ള പൊലീസ് നടപടിയിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി കോക്രോച്ച് ജനതാ പാർടി (സി.ജെ.പി) നേരത്തെ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ 80 പേരിൽ പലരും പെല്ലെറ്റ് ആക്രമണത്തിന് ഇരയായവരാണ് എന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഇത് പൂർണ്ണമായും വ്യാജപ്രചാരണമാണെന്ന ന്യായീകരണവുമായി കേന്ദ്ര സർക്കാരും ഡൽഹി പൊലീസും പെട്ടെന്ന് തന്നെ രംഗത്തുവരികയാണുണ്ടായത്. ഇതിനിടയിലാണ് ഈ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഔദ്യോഗിക ആശുപത്രി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അതിനിടെ, പൊലീസിന്റെ ക്രൂരമായ അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ 21 കാരിയായ സാക്ഷി എന്ന യുവതി രാംമനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373895/delhi-neet-protest-pellet-gun-hospital-report-shaikh-irshad)