---
title: "വ്യാജവാർത്തകൾ ഇനി നടക്കില്ല; അർജന്റീനൻ ടീമിനെതിരെ അപവാദ പ്രചാരണം നടത്തിയവർക്ക് പണിവരുന്നു! നിയമനടപടിയുമായി എ.എഫ്.എ"
english_title: "AFA to Take Legal Action Against Fake News Targeting Argentina Players During FIFA World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373892/argentina-fa-legal-action-fake-news-fifa-world-cup-afa-NEW"
published_at: "2026-07-22T12:12:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60667a57e79_argentina-fa-legal-action-fake-news-fifa-world-cup-afa.jpg"
keywords: ["AFA", "Argentina Football", "FIFA World Cup", "Fake News", "Messi", "Argentina Team", "Defamation Case"]
---

# വ്യാജവാർത്തകൾ ഇനി നടക്കില്ല; അർജന്റീനൻ ടീമിനെതിരെ അപവാദ പ്രചാരണം നടത്തിയവർക്ക് പണിവരുന്നു! നിയമനടപടിയുമായി എ.എഫ്.എ

> **Lead Summary:** ** **ഫിഫ ലോകകപ്പിനിടെ അർജന്റീനൻ താരങ്ങൾക്കും ടീമിനുമെതിരെ നടന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എ.എഫ്.എ). ടീമിനെതിരെ തെളിവുകളില്ലാതെ വ്യാജവാർത്തകൾ നൽകിയ മാധ്യമങ്ങൾക്കും സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസ് ഫയൽ ചെയ്യുന്നത്.

## Article Content

** **ഫിഫ ലോകകപ്പിനിടെ അർജന്റീനൻ താരങ്ങൾക്കും ടീമിനുമെതിരെ നടന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എ.എഫ്.എ). ടീമിനെതിരെ തെളിവുകളില്ലാതെ വ്യാജവാർത്തകൾ നൽകിയ മാധ്യമങ്ങൾക്കും സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസ് ഫയൽ ചെയ്യുന്നത്.

എല്ലാത്തരം വ്യാജ പ്രചരണങ്ങൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് എ.എഫ്.എ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അക്കൗണ്ടുകളുടെയും ഏജൻസികളുടെയും പൂർണ്ണമായ ഡിജിറ്റൽ തെളിവുകൾ അധികൃതർ ശേഖരിച്ചുവരികയാണ്.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾ ഉടനടി നീക്കം ചെയ്യാൻ മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി പരാതി നൽകും. കൂടാതെ, ടീമിന്റെയും അസോസിയേഷന്റെയും സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ഡിജിറ്റൽ ഇൻഫ്ലുവൻസർമാർക്കും വിവിധ സ്പോർട്സ് പേജുകൾക്കും പണം വാഗ്ദാനം ചെയ്ത് അർജന്റീനക്കെതിരെ തെറ്റായ വാർത്തകളും വിമർശനങ്ങളും ഉന്നയിക്കാൻ ചില പി.ആർ ഏജൻസികൾ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം ലോകകപ്പ് ഫൈനലിൽ പോരാടി തോറ്റെങ്കിലും അർജന്റൈൻ ഫുട്ബോൾ ടീമിനെ ആവേശക്കടലോടെ നെഞ്ചിലേറ്റി ജന്മനാട്. ന്യൂജേഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ സ്‌പെയ്‌നോട് അധികസമയത്ത് അടിയറവ് പറഞ്ഞാണ് മടക്കമെങ്കിലും, റണ്ണേഴ്‌സ് അപ്പ് ട്രോഫിയുമായെത്തിയ ടീമിന് ബ്യൂണസ് ഐറിസിലെ എസെയ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരാണ് പ്രൗഢഗംഭീര സ്വീകരണം നൽകിയത്.

ക്ലബ്ബ് തിരക്കുകൾ കാരണം ലിയോണൽ മെസി ഒപ്പമുണ്ടായിരുന്നില്ലെങ്കിലും പരിശീലകരും മറ്റ് കളിക്കാരുമുൾപ്പെടുന്ന സംഘം പുലർച്ചെയാണ് എസെയ്‌സയിൽ വിമാനമിറങ്ങിയത്. കടുത്ത തണുപ്പിനെ അവഗണിച്ച് പടക്കങ്ങളും ഫ്ലെയറുകളും കത്തിച്ചും ഡ്രംസ് അടിച്ചും ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളെ വരവേറ്റു.

വിമാനത്താവളത്തിൽ നിന്നും പരിശീലന ക്യാമ്പിലേക്കുള്ള 10 മിനിറ്റ് യാത്ര, ആരാധകരുടെ തിരക്കുമൂലം മണിക്കൂറുകൾ നീണ്ട വലിയൊരു ഘോഷയാത്രയായി മാറി. തുടക്കത്തിൽ തോൽവിയുടെ നിരാശയിലായിരുന്ന കളിക്കാരുടെ മുഖത്ത്, മണിക്കൂറുകളോളം കാത്തുനിന്ന ആരാധകരുടെ സ്നേഹപ്രവാഹം കണ്ടതോടെ ആശ്വാസവും വികാരനിർഭരമായ പുഞ്ചിരിയും തെളിഞ്ഞു.

എമിലിയാനോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെണ്ടി, ലിയാൻഡ്രോ പരഡെസ്, അലക്‌സിസ് മാക് അലിസ്റ്റർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സംഘത്തിലുണ്ടായിരുന്നു. തോറ്റെങ്കിലും കളിക്കാർ നൽകിയ പോരാട്ടവീര്യത്തെയും അർജന്റീനയുടെ ഫുട്ബോൾ സംസ്‌കാരത്തെയും ആഘോഷമാക്കുന്നതായിരുന്നു ബ്യൂണസ് ഐറിസിലെ കാഴ്ചകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373892/argentina-fa-legal-action-fake-news-fifa-world-cup-afa-NEW)