---
title: "മക്കളുടെ വയറെരിയാൻ സമ്മതിക്കാതെ കരുതൽ; ജന്തർ മന്ദർ സമരപ്പന്തലിലേക്ക് അജ്ഞാതരുടെ വക ഓൺലൈൻ ഭക്ഷണപ്പൊതികളുടെ പ്രവാഹം"
english_title: "Hundreds of Food Orders Sent to Jantar Mantar NEET Protesters in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373863/jantar-mantar-neet-protest-food-orders-swagi-zomato-delhi"
published_at: "2026-07-22T10:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a604beee9fbe_jantar-mantar-neet-protest-food-orders-swagi-zomato-delhi.jpg"
keywords: ["Jantar Mantar Protest", "NEET Scam", "Dharmendra Pradhan", "SFI", "Swiggy", "Zomato", "Delhi Protest", "Student Protest"]
---

# മക്കളുടെ വയറെരിയാൻ സമ്മതിക്കാതെ കരുതൽ; ജന്തർ മന്ദർ സമരപ്പന്തലിലേക്ക് അജ്ഞാതരുടെ വക ഓൺലൈൻ ഭക്ഷണപ്പൊതികളുടെ പ്രവാഹം

> **Lead Summary:** **ന്യൂഡല്‍ഹി: ** കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടക്കുന്ന സമരപ്പന്തലിലേക്ക് അജ്ഞാതരുടെ വക സ്വിഗ്ഗി-സൊമാറ്റോ വിരുന്ന്. മുന്‍കൂര്‍ പണമടച്ച് നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണപ്പൊതികളാണ് സമരക്കാര്‍ക്കായി ഡെലിവറി എത്തിയത്.

## Article Content

**ന്യൂഡല്‍ഹി: ** കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടക്കുന്ന സമരപ്പന്തലിലേക്ക് അജ്ഞാതരുടെ വക സ്വിഗ്ഗി-സൊമാറ്റോ വിരുന്ന്. മുന്‍കൂര്‍ പണമടച്ച് നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണപ്പൊതികളാണ് സമരക്കാര്‍ക്കായി ഡെലിവറി എത്തിയത്.

രാത്രിയെന്നോ മഴയെന്നോ നോക്കാതെ സമരവേദിയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റാന്‍ അജ്ഞാതര്‍ നടത്തിയ ഈ കരുതല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. കനത്ത മഴയിലും ഭക്ഷണപ്പൊതികളുമായി ഡെലിവറി ബോയ്‌സ് എത്തുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.

എന്നാല്‍, സമരകേന്ദ്രത്തില്‍ നിലവില്‍ ആവശ്യത്തിന് ഭക്ഷണമൊരുക്കിയിട്ടുണ്ടെന്നും ഇനിയും ഭക്ഷണമെത്തിച്ചാല്‍ അത് പാഴായിപ്പോകാന്‍ സാധ്യതയുണ്ടെന്നും സംഘാടകരായ സിജെപി വ്യക്തമാക്കി. കരുതലോടുകൂടി ഭക്ഷണം അയച്ചുനൽകിയവരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച സംഘടന, ഇനി ഓര്‍ഡറുകള്‍ അയക്കരുതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്നും അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സാധ്യത. രാഷ്ട്രപതി ഭവനിലേക്ക് അടക്കം മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ബിഎസ്എഫ് അടക്കമുള്ള കേന്ദ്ര സേനകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാവിലെ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം പാർലമെന്റ് കവാടത്തിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. അർദ്ധരാത്രിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണീർ വാതക ഷെല്ലുകളും ടിയർ ഗ്യാസ് യൂണിറ്റുകളും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ പാർലമെന്റിന് മുന്നിൽ സജ്ജമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373863/jantar-mantar-neet-protest-food-orders-swagi-zomato-delhi)