---
title: "'ഭയപ്പെടുത്താനാകില്ല, സമരത്തിൽ നിന്ന് പിന്നോട്ടില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു"
english_title: "Rahul Gandhi and Priyanka Gandhi Released by Delhi Police After Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373822/rahul-priyanka-gandhi-released-delhi-police-protest-mandir-marg"
published_at: "2026-07-21T22:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5fa3568eb55_rahul-priyanka-gandhi-released-delhi-police-protest-mandir-marg.jpg"
keywords: ["Latest News", "Delhi Protest", "Rahul Gandhi", "Priyanka Gandhi", "Congress Protest", "Mandir Marg", "NEET"]
---

# 'ഭയപ്പെടുത്താനാകില്ല, സമരത്തിൽ നിന്ന് പിന്നോട്ടില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു

> **Lead Summary:** ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് വിട്ടയച്ചു. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

## Article Content

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് വിട്ടയച്ചു. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മന്ദിർ മാർഗ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം എംപി ശശി തരൂരും സ്റ്റേഷനിലെത്തി നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരോട് സ്ഥലം വിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ അതിന് തയാറായില്ല.

> പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനാകില്ലെന്നും സമരത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. "പ്രതിഷേധിക്കുന്നത് ഞങ്ങളുടെ മൗലികാവകാശമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവയ്ക്കണം" എന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനുമെതിരെ ആഞ്ഞടിച്ചു. ബലപ്രയോഗത്തിനിടെ തന്റെ വസ്ത്രമടക്കം പൊലീസ് വലിച്ചുകീറിയെന്ന് പ്രിയങ്ക ആരോപിച്ചു. ശാന്തമായി പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും, കേന്ദ്ര സർക്കാരും പൊലീസും ചേർന്ന് വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും ശബ്ദത്തെ ക്രൂരമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. പാർലമെന്റിലും പുറത്തും നാളെ മുതൽ അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധിച്ചായിരുന്നു രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ മാർച്ച്. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പൊലീസ് നടത്തിയ വൻ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.

പൊലീസിന്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും കോൺഗ്രസ് നേതൃത്വം വഴങ്ങാതെ വന്നതോടെയാണ് പൊലീസ് കടുത്ത നടപടി സ്വീകരിച്ചത്.ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും സമരം കൂടുതൽ ശക്തമാക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373822/rahul-priyanka-gandhi-released-delhi-police-protest-mandir-marg)