---
title: " അമിത് ഷായുടെ കോലം കത്തിച്ചു,  ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം"
english_title: "Youth Congress, KSU Protest Against Rahul Gandhi Arrest: Road Blockade, Train Stopped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373818/kerala-youth-congress-ksu-protest-rahul-gandhi-arrest-delhi"
published_at: "2026-07-21T21:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f9a75653ef_kerala-youth-congress-ksu-protest-rahul-gandhi-arrest-delhi.jpg"
keywords: ["Rahul Gandhi", "Youth Congress", "KSU", "Kerala Protest", "Delhi Police", "Narendra Modi", "Amit Shah"]
---

#  അമിത് ഷായുടെ കോലം കത്തിച്ചു,  ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം

> **Lead Summary:** തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസും കെഎസ്‌യുവും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

## Article Content

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസും കെഎസ്‌യുവും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എറണാകുളം എം.ജി. റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

ആലപ്പുഴ കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഞ്ചിനാട് എക്സ്പ്രസ് ട്രെയിൻ തടഞ്ഞു. കൊല്ലം ജില്ലയിലെ കുണ്ടറയിലും കേരളപുരത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാലക്കാട് ചിറ്റൂരിലും വൻ പ്രതിഷേധ പ്രകടനം നടന്നു.

വിവിധയിടങ്ങളിലെ പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാഹുൽ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പൊലീസിന്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373818/kerala-youth-congress-ksu-protest-rahul-gandhi-arrest-delhi)