---
title: "'അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് 40 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക്, പരിക്കേറ്റിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല'; പൊലീസ് അതിക്രമത്തിൽ കൊടിക്കുന്നിൽ സുരേഷ്"
english_title: "Kodikkunnil Suresh Slams Delhi Police for Taking Injured MPs 40 km Away After Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373814/kodikkunnil-suresh-slams-delhi-police-for-taking-injured-mps-40-km-away-after-protest"
published_at: "2026-07-21T21:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f91a2c8690_kodikkunnil-suresh-slams-delhi-police-for-taking-injured-mps-40-km-away-after-protest.jpg"
keywords: ["Kodikkunnil Suresh", "Delhi Police", "Rahul Gandhi Arrest", "Congress Protest", "NEET Paper Leak", "Narendra Modi"]
---

# 'അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് 40 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക്, പരിക്കേറ്റിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല'; പൊലീസ് അതിക്രമത്തിൽ കൊടിക്കുന്നിൽ സുരേഷ്

> **Lead Summary:** ദില്ലി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിൽനിന്ന് വലിയ അതിക്രമം നേരിട്ടുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിച്ചു വൈദ്യസഹായം ലഭ്യമാക്കുന്നതിന് പകരം നഗരത്തിൽനിന്ന് 40 കിലോമീറ്റർ ഓളം അകലെയുള്ള ഹരിയാന അതിർത്തിയോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

## Article Content

ദില്ലി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിൽനിന്ന് വലിയ അതിക്രമം നേരിട്ടുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിച്ചു വൈദ്യസഹായം ലഭ്യമാക്കുന്നതിന് പകരം നഗരത്തിൽനിന്ന് 40 കിലോമീറ്റർ ഓളം അകലെയുള്ള ഹരിയാന അതിർത്തിയോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

അറസ്റ്റിലായ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള എംപിമാരെ ഗുഡ്ഗാവിന് അടുത്തുള്ള കാപ്പ സേരാ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയെ കൊടിക്കുന്നിൽ സുരേഷ് ശക്തമായി അപലപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾക്കൊപ്പം നിന്ന പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് ഭരണകൂട അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തവർക്ക് സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, നീതി ആവശ്യപ്പെടുന്ന ശബ്ദങ്ങളെ ലക്ഷ്യം വയ്ക്കാനാണ് കേന്ദ്ര സർക്കാർ മുതിർന്നിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള അപകടകരമായ കടന്നുകയറ്റമാണ്. ഈ സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിച്ച ഒരു ദേശീയ പരീക്ഷാ അഴിമതിയിൽ നിശബ്ദത പാലിക്കുകയും എന്നാൽ പ്രതിപക്ഷ നേതാവിനെതിരെ പൊലീസ് അധികാരം ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ജനാധിപത്യപരമായ ഉത്തരവാദിത്തത്തിന്റെ തത്വങ്ങൾ കൈവിട്ടിരിക്കുകയാണ്. യഥാർത്ഥ നേതൃത്വം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ചെയ്യേണ്ടത്, അല്ലാതെ ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കുകയല്ലെന്നും എംപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373814/kodikkunnil-suresh-slams-delhi-police-for-taking-injured-mps-40-km-away-after-protest)