---
title: "കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു"
english_title: "Kottayam Kooroopada Suicide: Fourth Family Member Dies After Consuming Pesticide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373808/kottayam-kooroopada-family-suicide-fourth-member-alan-dies"
published_at: "2026-07-21T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f81fe6c2f6_kottayam-kooroopada-family-suicide-fourth-member-alan-dies.jpg"
keywords: ["Kottayam News", "Family Suicide", "Pesticide", "Kerala Tragedy", "Alan Dies", "Financial Crisis"]
---

# കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

> **Lead Summary:** കോട്ടയം: കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ ആളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.ഇതോടെ ഈ കുടുംബത്തിലെ നാല് പേരും മരിച്ചു.

## Article Content

കോട്ടയം: കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ ആളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.ഇതോടെ ഈ കുടുംബത്തിലെ നാല് പേരും മരിച്ചു.

നേരത്തെ ഗൃഹനാഥൻ ജോബി, ഭാര്യ ജോസ്ന, മൂത്തമകൾ മരിയ എന്നിവർ മരിച്ചിരുന്നു. ഇക്കഴിഞ്ഞ 13-ാം തീയതിയാണ് കൂരോപ്പടയിലെ വീട്ടിൽ ഈ ദാരുണ സംഭവം നടന്നത്.തിങ്കളാഴ്ച ഉച്ച മുതൽ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് ജോസ്നയുടെ സഹോദരൻ വൈകുന്നേരം വീട്ടിലെത്തിയത്.

അകത്ത് കയറി നോക്കിയപ്പോൾ കുടുംബത്തിലെ നാലുപേരെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് കളനാശിനിയുടെ കുപ്പിയും കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ഗുരുതരാവസ്ഥയിലായിരുന്ന ജോബി, ജോസ്ന, മരിയ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ മരിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അലനും ഇന്ന് മരണപ്പെട്ടതോടെ ഈ കുടുംബം പൂർണമായും ഇല്ലാതായി.വിഷം കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ഗൃഹനാഥൻ ജോബി കർഷകനായിരുന്നു. ഭാര്യ ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായിരുന്നു. മരിയ മറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

സംഭവത്തിൽ കൂരോപ്പട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും മറ്റ് കാരണങ്ങൾ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373808/kottayam-kooroopada-family-suicide-fourth-member-alan-dies)