---
title: " എങ്ങനെ തോന്നി ആ കുരുന്നിനോട് ...? പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; 76-കാരനെ ഒളിത്താവളം വളഞ്ഞ് പിടികൂടി പൊലീസ്"
english_title: "76-Year-Old Man Arrested in Kodumon POCSO Case After Hiding in Thekkuthodu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373794/kodumon-pocso-case-76-year-old-arrested-thekkuthodu-pathanamthitta"
published_at: "2026-07-21T18:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f682226a11_kodumon-pocso-case-76-year-old-arrested-thekkuthodu-pathanamthitta.jpg"
keywords: ["Kodumon", "Pathanamthitta", "POCSO Case", "Kerala Crime", "Child Sexual Abuse", "Kerala Police"]
---

#  എങ്ങനെ തോന്നി ആ കുരുന്നിനോട് ...? പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; 76-കാരനെ ഒളിത്താവളം വളഞ്ഞ് പിടികൂടി പൊലീസ്

> **Lead Summary:** കൊടുമൺ: പത്തനംതിട്ട കൊടുമൺ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ വയോധികനെ പോലീസ് പിടികൂടി. പന്തളം തെക്കേക്കര കണ്ഠളൻതറ ചെറുലയം വള്ളിപ്പറമ്പിൽ സ്വദേശി സുകുമാരൻ 76 ആണ് അറസ്റ്റിലായത്.

## Article Content

കൊടുമൺ: പത്തനംതിട്ട കൊടുമൺ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ വയോധികനെ പോലീസ് പിടികൂടി. പന്തളം തെക്കേക്കര കണ്ഠളൻതറ ചെറുലയം വള്ളിപ്പറമ്പിൽ സ്വദേശി സുകുമാരൻ 76 ആണ് അറസ്റ്റിലായത്.

തേക്കുതോട് താഴെ പറക്കുളത്തെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഈ മാസം 2-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തായതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം വിവരം കൊടുമൺ പോലീസിനെ അറിയിച്ചു. തുടർന്ന് സുകുമാരനെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തതോടെ നാട്ടിൽ നിന്ന് കടന്ന പ്രതി തുമ്പമൺ, തണ്ണിത്തോട്, തേക്കുതോട് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ എത്രയും വേഗം പിടികൂടാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊടുമൺ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

സബ് ഇൻസ്പെക്ടർ ജിനു ജെ.യു., സി.പി.ഒ.മാരായ അഭിലാഷ്, ശ്യാം, അഖിൽ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തേക്കുതോട് പറക്കുളത്തെ ഒളിത്താവളത്തിൽ പരിശോധന നടത്തിയത്.

അവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373794/kodumon-pocso-case-76-year-old-arrested-thekkuthodu-pathanamthitta)