---
title: "കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ"
english_title: "Thoppumpady Supermarket Cashier Arrested After Stealing 62 Lakh, Fled via Nepal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373783/thoppumpady-pick-n-save-supermarket-theft-62-lakh-arrest-kochi"
published_at: "2026-07-21T17:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f5b75dc4ac_thoppumpady-pick-n-save-supermarket-theft-62-lakh-arrest-kochi.jpg"
keywords: ["Thoppumpady", "Supermarket Theft", "Kerala Police", "Pick N Save", "Cashier Arrest", "Ernakulam News"]
---

# കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

> **Lead Summary:** കൊച്ചി: തോപ്പുംപടിയിലെ 'പിക് എൻ സേവ്' സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ സ്ഥാപനത്തിലെ കാഷ്യറും കൂട്ടുപ്രതിയും തോപ്പുംപടി പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. 31, പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് അറസ്റ്റിലായത്.

## Article Content

കൊച്ചി: തോപ്പുംപടിയിലെ 'പിക് എൻ സേവ്' സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ സ്ഥാപനത്തിലെ കാഷ്യറും കൂട്ടുപ്രതിയും തോപ്പുംപടി പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. 31, പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.2022 മേയ് മുതൽ 2025 ഒക്ടോബർ വരെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ ആണ് ദിവസേന ക്യാഷ് കൗണ്ടറിൽ നിന്ന് ചെറിയ തുകകൾ കവരുന്നത്.

കവർന്ന പണം കൂട്ടുപ്രതിയായ രഞ്ജുവിന് കൈമാറുകയും പിന്നീട് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയായിരുന്നു.സൂപ്പർമാർക്കറ്റിലെ ആകെ വിൽപ്പനയും ബാങ്കിലെത്തുന്ന വരുമാനവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് മനസിലാക്കിയ ഉടമ സനമോളെ നിരീക്ഷണത്തിലാക്കി.

പിന്നീട് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തോപ്പുംപടി പോലീസിൽ പരാതി നൽകുകയായിരുന്നു.തട്ടിപ്പ് പുറത്തായ വിവരമറിഞ്ഞ സനമോൾ വിദേശത്തേക്ക് കടന്നു. ഇവർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ വിമാനത്താവളങ്ങൾ ഒഴിവാക്കി നേപ്പാൾ വഴിയാണ് സനമോൾ ഇന്ത്യയിൽ തിരിച്ചെത്തിയത്.

കൊച്ചിയിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എ.സി.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

തോപ്പുംപടി എസ്.എച്ച്.ഒ ആനന്ദ് കെ.പിയുടെ നേതൃത്വത്തിൽ എസ്.ഐ അനന്തു രമേഷ്, സീനിയർ സിപിഒമാരായ സുധീഷ് എസ്, സിജു വർഗ്ഗീസ്, സിപിഒ ജോസഫ് ടി.ജെ., വനിത സിപിഒ പ്രിയ പി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.മൂന്ന് വർഷത്തോളം നീണ്ട തട്ടിപ്പാണ് ഇത്തരത്തിൽ പുറത്തുവന്നത്. കവർന്ന തുകയുടെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373783/thoppumpady-pick-n-save-supermarket-theft-62-lakh-arrest-kochi)