---
title: "'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി';  വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌"
english_title: "Congress to Take Action Against Pala Municipality Councillors for Whip Violation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373768/pala-municipality-congress-whip-violation-action-nattakam-suresh"
published_at: "2026-07-21T16:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4f9054e55_pala-municipality-congress-whip-violation-action-nattakam-suresh.jpg"
keywords: ["Pala Municipality", "Diya Binu Pulikkakandam", "Kerala politics", "UDF", "Congress Whip Violation", "No Confidence Motion"]
---

# 'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി';  വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌

> **Lead Summary:** കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.

## Article Content

കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.

> വിപ്പ് ലംഘനം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പാർട്ടിയെ വഞ്ചിച്ചവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി. "പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോയി എന്നാണ് അർത്ഥം. പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല" എന്ന് അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു. വിപ്പ് ലംഘിച്ചവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും ഉടൻ തന്നെ അവർക്കെതിരെ സംഘടനാ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മുന്നണിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് സ്വാഭാവികമാണെന്നും നാട്ടകം സുരേഷ് പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിച്ച് മുന്നണിയെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കകണ്ടം അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്. കോൺഗ്രസ്‌ അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ജനാധിപത്യത്തിന്റെ വിധി അംഗീകരിക്കുന്നു എന്നാണ് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ പ്രതികരണം.

നഗരസഭയിൽ ആകെ കൗൺസിലർമാറുടെ എണ്ണം 26 ആണ്. പ്രതിപക്ഷത്തുള്ളത് 12 പേര് മാത്രം. അവിശ്വാസം ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷത്തിന് പുറമെ 5 ഭരണപക്ഷ അംഗങ്ങളും ഹാജരായി. കോൺഗ്രസിന്റെ കൗൺസിലർ മാരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് ലിസി കുട്ടി മാത്യൂസ് എന്നിവരും നിലവിലെ വൈസ് ചെയർപേഴ്സണായ സ്വതന്ത്ര അംഗമായ രാഹുലുമാണ് ഇന്ന് കൗൺസിൽ യോഗത്തിൽ എത്തിയത്.

പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ അവതരിപ്പിച്ച അവിശ്വസ പ്രമേയത്തെ 17 പേരും അനുകൂലിച്ചു വോട്ട് ചെയ്തു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് ഡിസിസി പ്രസിഡന്റ് കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് നാലുപേർ എത്തിയത്. എന്നാൽ വിപ്പ് കിട്ടിയിട്ടില്ല എന്നാണ് കോൺഗ്രസ്‌ കൗൺസിലർമാരുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373768/pala-municipality-congress-whip-violation-action-nattakam-suresh)