---
title: "'രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയാണെങ്കിലും കാത്തിരിക്കാം എന്ന് പറയുമോ?': പാലോട് സിഎച്ച്സിയിലെ വീഴ്ച്ചയിൽ ആരോഗ്യ മന്ത്രിക്കെതിരെ ശോഭ സുരേന്ദ്രൻ   "
english_title: "Shobha Surendran Slams Kerala Health Minister Over Palode CHC Power Cut Incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373762/shobha-surendran-palode-chc-power-cut-health-minister-criticism"
published_at: "2026-07-21T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4b60b3f9b_shobha-surendran-palode-chc-power-cut-health-minister-criticism.jpg"
keywords: ["Shobha Surendran", "Palode CHC", "Kerala Health Minister", "Kerala Health Department", "Power Cut Hospital"]
---

# 'രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയാണെങ്കിലും കാത്തിരിക്കാം എന്ന് പറയുമോ?': പാലോട് സിഎച്ച്സിയിലെ വീഴ്ച്ചയിൽ ആരോഗ്യ മന്ത്രിക്കെതിരെ ശോഭ സുരേന്ദ്രൻ   

> **Lead Summary:** ആലപ്പുഴ: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ്സ് ചെയ്യേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ രൂക്ഷമായി രംഗത്തെത്തി.

## Article Content

ആലപ്പുഴ: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ്സ് ചെയ്യേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ രൂക്ഷമായി രംഗത്തെത്തി.

> ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്."ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും 'കറന്റ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതുവരെ കാത്തിരിക്കാം' എന്ന് പറയുമായിരുന്നോ?" എന്നാണ് ശോഭ സുരേന്ദ്രൻ ആരോഗ്യ മന്ത്രിയോട് ചോദിക്കുന്നത്.

> 2026 ലും ഒരു സർക്കാർ ആശുപത്രിയിൽ അടിസ്ഥാന സൗകര്യമായ ജനറേറ്റർ പോലും പ്രവർത്തനക്ഷമമല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് അവർ കുറ്റപ്പെടുത്തി. സംഭവത്തിലെ ഗുരുതരമായ വീഴ്ച ഏറ്റുപറയുന്നതിന് പകരം, പരിമിതമായ സാഹചര്യത്തിലും പരമാവധി ശ്രമിച്ച ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചതെന്നും ശോഭ ആരോപിച്ചു. "ഇവിടെ ഡോക്ടർമാർക്ക് പിഴവില്ല.

> അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടത് അധികൃതരാണ്" എന്ന് അവർ വ്യക്തമാക്കി. ഇത് വെറുമൊരു അരമണിക്കൂറിലെ വൈദ്യുതി തടസ്സത്തിന്റെ പ്രശ്നം മാത്രമല്ലെന്നും, സ്വന്തം ആശുപത്രികളിൽ ബാക്കപ്പ് വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്ത ആരോഗ്യ സംവിധാനത്തിന്റെ ദയനീയ യാഥാർത്ഥ്യമാണ് പുറത്തുവന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

> അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അടുത്ത അഞ്ച് വർഷം കേരളത്തിന്റെ ആരോഗ്യരംഗം എങ്ങനെ മുന്നോട്ട് പോകുമെന്നതിന് ജനങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. "നമ്മുടെ ഡോക്ടർമാർക്ക് അർഹിക്കുന്ന പിന്തുണ നൽകണം.

> രോഗികൾക്ക് മാന്യമായ ചികിത്സ ലഭ്യമാക്കണം" എന്ന് പറഞ്ഞാണ് ശോഭ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വീണ്ടും ചർച്ചയാക്കിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373762/shobha-surendran-palode-chc-power-cut-health-minister-criticism)