---
title: "പുള്ളി വലിയ പുലിയാ ...  നാട്ടിലിറങ്ങിയ പുള്ളിപ്പുലി മദ്യഷോപ്പിൽ കയറി; മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ ഷട്ടറിട്ട് പൂട്ടി!"
english_title: "Leopard Enters Liquor Shop in Rajasthan's Tonk, 3 Injured, Captured After 5 Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373750/rajasthan-tonk-leopard-enters-liquor-shop-three-injured-captured"
published_at: "2026-07-21T15:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f418525c79_rajasthan-tonk-leopard-enters-liquor-shop-three-injured-captured.jpg"
keywords: ["Latest news", "Rajasthan News", "Tonk Leopard Attack", "Wild Animal Rescue", "Forest Department", "Liquor Shop"]
---

# പുള്ളി വലിയ പുലിയാ ...  നാട്ടിലിറങ്ങിയ പുള്ളിപ്പുലി മദ്യഷോപ്പിൽ കയറി; മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ ഷട്ടറിട്ട് പൂട്ടി!

> **Lead Summary:** ടോങ്ക്: **[**ജനവാസ മേഖലയിലിറങ്ങി മദ്യഷോപ്പിൽ കയറിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള തോട റായ്‌സിംഗ് പട്ടണത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ നാട്ടിലിറങ്ങിയ ആൺപുലിയെ അഞ്ച് മണിക്കൂർ നീണ്ട കഠിന ശ്രമങ്ങൾക്കൊടുവിൽ വനംവകുപ്പും ജയ്പൂർ മൃഗശാലയിലെ വിദഗ്ദ്ധ സംഘവും ചേർന്ന് മയക്കുവെടി വെച്ച് പിടികൂടി.

## Article Content

ടോങ്ക്: **[**ജനവാസ മേഖലയിലിറങ്ങി മദ്യഷോപ്പിൽ കയറിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള തോട റായ്‌സിംഗ് പട്ടണത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ നാട്ടിലിറങ്ങിയ ആൺപുലിയെ അഞ്ച് മണിക്കൂർ നീണ്ട കഠിന ശ്രമങ്ങൾക്കൊടുവിൽ വനംവകുപ്പും ജയ്പൂർ മൃഗശാലയിലെ വിദഗ്ദ്ധ സംഘവും ചേർന്ന് മയക്കുവെടി വെച്ച് പിടികൂടി.

കാട്ടിൽ നിന്നും വഴിതെറ്റിയെത്തിയ പുലി പട്ടണത്തിന് അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയ വനംവകുപ്പ് സന്നദ്ധപ്രവർത്തകൻ രാകേഷ് മാലിക്കാണ് ആദ്യം പരിക്കേറ്റത്.

തുടർന്ന് ജനവാസ മേഖലയിലൂടെ 400 മീറ്ററോളം ഓടിയ പുലി തിരക്കേറിയ മാർക്കറ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. മദ്യഷോപ്പിന് പുറത്തിരിക്കുകയായിരുന്ന ഫത്തേ ലാൽ കോലി (40), കടയ്ക്കുള്ളിലുണ്ടായിരുന്ന സെയിൽസ്മാൻ സഞ്ജയ് ഗുർജർ (25) എന്നിവരെ ആക്രമിച്ച ശേഷമാണ് പുലി കടയ്ക്കുള്ളിൽ നിലയുറപ്പിച്ചത്.

മദ്യഷോപ്പിനുള്ളിൽ അകപ്പെട്ട പുലിയെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാർ ബുദ്ധിപൂർവ്വം ഷട്ടർ പുറത്തുനിന്ന് താഴ്ത്തി പൂട്ടിയിടുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ ടോങ്കിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജയ്പൂർ മൃഗശാലയിലെ പ്രത്യേക സംഘവും ചേർന്ന് വനംവകുപ്പ് സീനിയർ വെറ്ററിനറി ഓഫീസർ ഡോ. അശോക് തൻവാറിന്റെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വെച്ച് തളച്ചത്. 60-ലധികം വന്യജീവി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു മദ്യഷോപ്പിനുള്ളിൽ കയറി പുള്ളിപ്പുലിയെ പിടികൂടുന്നത് ജീവിതത്തിൽ ആദ്യത്തെ അനുഭവമാണെന്ന് ഡോ. അശോക് തൻവാർ പറഞ്ഞു. പിടികൂടിയ പുലിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി ടോങ്ക് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് മാറ്റി.

[https://x.com/KailashVashi/status/2079177541169066365?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2079177541169066365%7Ctwgr%5E3b03cf238df9ce65ef8aea8ecb5f2f732f9cf885%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fleopard-wanders-into-liquor-store-injuring-three-people-articleshow-9qv8grq](https://x.com/KailashVashi/status/2079177541169066365?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2079177541169066365%7Ctwgr%5E3b03cf238df9ce65ef8aea8ecb5f2f732f9cf885%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fleopard-wanders-into-liquor-store-injuring-three-people-articleshow-9qv8grq)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373750/rajasthan-tonk-leopard-enters-liquor-shop-three-injured-captured)