---
title: "'ഭാര്യ ചെയ്യുന്ന ഏറ്റവും മോശം കാര്യം'; ദാമ്പത്യ തർക്കത്തിനിടെ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യ കത്തെഴുതിയതിൽ സുപ്രീംകോടതിയുടെ വിമർശനം"
english_title: "Supreme Court Warns Against Complaining to Husband's Employer in Divorce Cases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373743/supreme-court-divorce-case-husband-employer-complaint-warning"
published_at: "2026-07-21T15:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3e64359c3_supreme-court-divorce-case-husband-employer-complaint-warning.jpg"
keywords: ["Supreme Court", "Divorce Case", "Alimony", "Husband Employer", "Justice BV Nagarathna", "Justice R Mahadevan", "Family Law"]
---

# 'ഭാര്യ ചെയ്യുന്ന ഏറ്റവും മോശം കാര്യം'; ദാമ്പത്യ തർക്കത്തിനിടെ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യ കത്തെഴുതിയതിൽ സുപ്രീംകോടതിയുടെ വിമർശനം

> **Lead Summary:** ന്യൂഡൽഹി: വിവാഹമോചനക്കേസുകൾക്കിടെ ഭർത്താവിന്റെ തൊഴിൽദാതാവിന് പരാതി നൽകുന്ന രീതിക്കെതിരെ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം നീക്കങ്ങൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടുന്നതിലേക്ക് വരെ നയിച്ചേക്കാമെന്നും അത് ജീവനാംശം ലഭിക്കുന്നതിനെ പോലും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

## Article Content

ന്യൂഡൽഹി: വിവാഹമോചനക്കേസുകൾക്കിടെ ഭർത്താവിന്റെ തൊഴിൽദാതാവിന് പരാതി നൽകുന്ന രീതിക്കെതിരെ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം നീക്കങ്ങൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടുന്നതിലേക്ക് വരെ നയിച്ചേക്കാമെന്നും അത് ജീവനാംശം ലഭിക്കുന്നതിനെ പോലും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പ്രധാന നിരീക്ഷണം നടത്തിയത്. ഭർത്താവിന്റെ സുഹൃത്ത് തനിക്കെതിരെ ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിചാരണ അസമിൽ നിന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.

ഭർത്താവുമായുള്ള മറ്റ് കേസുകൾ ഗാസിയാബാദിൽ നടക്കുന്നതിനാൽ മാനനഷ്ടക്കേസും അവിടേക്ക് മാറ്റണമെന്നായിരുന്നു യുവതിയുടെ ആവശ്യം. വാദത്തിനിടെ, വ്യോമസേനയിൽ ഉദ്യോഗസ്ഥനായ തന്റെ ഭർത്താവ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ബിസിനസ് നടത്തുന്നുണ്ടെന്ന് യുവതി ആരോപിച്ചു.

> ഈ വിവരം വ്യോമസേന അധികൃതർക്ക് കത്തെഴുതി അറിയിക്കുകയും ചെയ്തിരുന്നു.ഇതോടെയാണ് ജസ്റ്റിസ് നാഗരത്നയുടെ ശക്തമായ പ്രതികരണം. "വിവാഹമോചനക്കേസുകൾക്കിടെ ഒരു ഭാര്യക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശം കാര്യങ്ങളിൽ ഒന്നാണ് ഭർത്താവിന്റെ തൊഴിൽദാതാവിന് കത്തെഴുതുന്നത്.

> ഇത് നേരിട്ട് ഭർത്താവിന്റെ ജോലി നഷ്ടത്തിലേക്ക് നയിക്കും. ജോലി പോയാൽ പിന്നെ ജീവനാംശം പോലും നൽകാൻ കഴിയാത്ത സ്ഥിതി വരും" എന്ന് കോടതി ചൂണ്ടിക്കാട്ടി.എന്നാൽ, താനും സഹോദരനും വ്യോമസേനയുടെ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന് ഭർത്താവ് വ്യാജ പരാതി നൽകിയതിനെ തുടർന്നാണ് ഭർത്താവിന്റെ ബിസിനസ് കാര്യം പുറത്തുപറയേണ്ടി വന്നതെന്ന് യുവതി കോടതിയിൽ വിശദീകരിച്ചു.

ദാമ്പത്യ തർക്കങ്ങളിൽ നിയമപരമായ വഴികളിലൂടെ മാത്രം മുന്നോട്ട് പോകണമെന്നും വ്യക്തിപരമായ പ്രതികാര നടപടികൾ കുടുംബത്തിന്റെ ഭാവിയെ തന്നെ ഇല്ലാതാക്കുമെന്നും കോടതി സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373743/supreme-court-divorce-case-husband-employer-complaint-warning)