---
title: "'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം"
english_title: "Pala Municipality Former Chairperson Diya Binu Pulikkakandam Reacts After Losing Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373730/pala-municipality-former-chairperson-diya-binu-pulikkakandam-reacts-after-losing-post"
published_at: "2026-07-21T14:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f389a9b097_pala-municipality-former-chairperson-diya-binu-pulikkakandam-reacts-after-losing-post.jpg"
keywords: ["Diya Binu Pulikkakandam", "Pala Municipality", "Kerala Politics", "UDF", "No Confidence Motion", "Congress Whip"]
---

# 'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

> **Lead Summary:** കോട്ടയം: ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ ന​ഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

## Article Content

കോട്ടയം: ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ ന​ഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

> "ജനാധിപത്യ വിധിയെ ഞാൻ പൂർണമായി സ്വാഗതം ചെയ്യുന്നു. ചെയർപേഴ്സൺ സ്ഥാനം നൽകിയ യുഡിഎഫിനോട് എന്നും കടപ്പാട് ഉണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു അഴിമതിയോ സ്വജനപക്ഷപാതമോ ഞാൻ നടത്തിയിട്ടില്ല. അഭിമാനത്തോടെയാണ് ഈ സ്ഥാനത്ത് നിന്ന് ഇറങ്ങുന്നത്" എന്ന് ദിയ പറഞ്ഞു.

> അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും തനിക്കെതിരെ ഒരു ആരോപണം പോലും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ദിയ കൂട്ടിച്ചേർത്തു. "എന്റെ എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതുതാൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. ജനപ്രിയ തീരുമാനങ്ങൾക്ക് പകരം ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ എപ്പോഴും ശ്രമിച്ചത്.

> പദവികൾ വരും പോകും. പക്ഷേ സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും മാത്രമാണ് ശാശ്വതമായി നിലനിൽക്കുന്നത്" എന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.ചെയർപേഴ്സൺ സ്ഥാനം നഷ്ടമായെങ്കിലും കൗൺസിലർ ആയി തുടരുമെന്നും പഠനവുമായി മുന്നോട്ട് പോകുമെന്നും ദിയ അറിയിച്ചു.

> അതേസമയം ദിയയുടെ പിതാവ് ബിനു പുളിക്കകണ്ടവും പ്രതികരിച്ചു. "രാഷ്ട്രീയത്തെ ഞങ്ങൾ രാഷ്ട്രീയമായി തന്നെയാണ് കാണുന്നത്. ദിയ യുഡിഎഫ് ചെയർപേഴ്സൺ ആയിരുന്നു. യുഡിഎഫ് നേതൃത്വമാണ് നിർദ്ദേശങ്ങൾ നൽകിയത്. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പോകേണ്ടതില്ലെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞിരുന്നു.

> കോൺഗ്രസ് നേതൃത്വം വിപ്പും നൽകിയിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു. വിപ്പ് ലംഘിച്ച് ചില കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്ത സംഭവത്തിൽ കോൺഗ്രസ് സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബിനു പുളിക്കകണ്ടം വ്യക്തമാക്കി.

‌പാലായിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്.

ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയ ദിനു ബിനു പുളിക്കകണ്ടം പുറത്തായി. നഗരസഭയിൽ അവിശ്വാസം പാസായതോടെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്ത്.

ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് അനുസരിച്ചില്ല. അതേസമയം, ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373730/pala-municipality-former-chairperson-diya-binu-pulikkakandam-reacts-after-losing-post)