---
title: "രണ്ട് മാസത്തിനകം വിവാഹം, കാത്തിരിപ്പിനൊടുവിൽ എത്തിയത് അഖിലിന്റെ മരണവാർത്ത; യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികന് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി"
english_title: "Kerala Sailor Akhil Joyan Killed In Russian Missile Attack In Ukraine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373701/kerala-sailor-akhil-joyan-killed-russia-missile-ukraine"
published_at: "2026-07-21T13:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f25779d209_odessa-missile-attack-malayali-akhil-joyan-killed.jpg"
keywords: ["Kerala Sailor", "Ukraine Attack", "Kasaragod", "Akhil Joyan", "Russia"]
---

# രണ്ട് മാസത്തിനകം വിവാഹം, കാത്തിരിപ്പിനൊടുവിൽ എത്തിയത് അഖിലിന്റെ മരണവാർത്ത; യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികന് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി

> **Lead Summary:** **കാസർകോട്: ര**ണ്ട് മാസത്തിനകം നടക്കാനിരിക്കുന്ന വിവാഹത്തിനായി വീടൊരുങ്ങിയിരിക്കെയാണ് ആ ദാരുണ വാർത്ത കുടുംബത്തെ തേടിയെത്തിയത്. യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ ആണ്.

## Article Content

**കാസർകോട്: ര**ണ്ട് മാസത്തിനകം നടക്കാനിരിക്കുന്ന വിവാഹത്തിനായി വീടൊരുങ്ങിയിരിക്കെയാണ് ആ ദാരുണ വാർത്ത കുടുംബത്തെ തേടിയെത്തിയത്. യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ ആണ്.

മൂന്ന് മാസം മുൻപാണ് ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ചടങ്ങുകൾക്ക് ശേഷം ഒരു മാസം മുൻപ് തിരികെ ജോലിയിൽ പ്രവേശിച്ച അഖിൽ, ഉടൻ തന്നെ മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനിടയിലാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി 'എംവി ഗോൾഡൻ ലിയോ' എന്ന ചരക്ക് കപ്പലിന് നേരെ റഷ്യയുടെ മിസൈലാക്രമണമുണ്ടാകുന്നത്.

കഴിഞ്ഞ ആറു വർഷമായി ഈ കപ്പലിൽ നാവികനായി ജോലി ചെയ്തുവരികയായിരുന്ന അഖിൽ. ഉടൻ തന്നെ ജോലി മാറി മറ്റൊരു സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അഖിൽ. പതിനാറാം വയസ്സിൽ പഠനം പൂർത്തിയാക്കി 19-ാം വയസ്സിലാണ് അഖിൽ മർച്ചന്‍റ് നേവിയിൽ ചേർന്നത്. ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനായ ജോയന്‍റെയും ഇൻഷുറൻസ് ഏജന്‍റായ സാലിയുടെയും ഏക മകനാണ് അഖിൽ.രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്ത വാർത്ത എത്തുന്നത്. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു അഖിൽ.

തിങ്കളാഴ്ച വൈകുന്നേരം ഷിപ്പിംഗ് കമ്പനി അയച്ച ഇ-മെയിലിലൂടെയാണ് അഖിലിന്റെ മരണ വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കുടുംബത്തിന് അറിയില്ല. അഖിലിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും റഷ്യൻ കോൺസുലേറ്റുമായും അന്വേഷിച്ച് എത്രയും പെട്ടെന്ന് വിവരം ശേഖരിക്കാൻ നോർക്ക വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.ഗിനി-ബിസാവു പതാകയേന്തിയ കപ്പൽ ഒഡേസ തുറമുഖത്തു നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ സേനയുടെ ആക്രമണമുണ്ടായത്.

യുക്രൈനിൽ നിന്ന് ചോളം കയറ്റി അയക്കുകയായിരുന്ന കപ്പലിലെ 10 ജീവനക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഖിലിന് പുറമെ വേറെ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. സിറിയയിൽ നിന്നുള്ള അഞ്ച് നാവികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373701/kerala-sailor-akhil-joyan-killed-russia-missile-ukraine)