---
title: "കളിക്കുന്നതിനിടെ ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റ് തകർന്നു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്"
english_title: "Basketball Hoop Collapses in Gurugram Apartment, Child Critical: 4th Such Incident in 9 Months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373679/gurugram-basketball-hoop-collapse-child-injured-fourth-incident-"
published_at: "2026-07-21T12:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f16c99c79a_gurugram-basketball-hoop-collapse-child-injured-fourth-incident.jpg"
keywords: ["Gurugram News", "Basketball Accident", "Child Injured", "Delhi NCR", "Sports Safety"]
---

# കളിക്കുന്നതിനിടെ ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റ് തകർന്നു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ന്യൂഡൽഹി: **ഗുഡ്ഗാവിലെ സെക്ടർ 84-ലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റ് തകർന്നു വീണ് കുട്ടിക്ക് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണ്. രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സംഭവിക്കുന്ന ഒഴിവാക്കാമായിരുന്ന നാലാമത്തെ വലിയ ദുരന്തമാണിത്.

## Article Content

**ന്യൂഡൽഹി: **ഗുഡ്ഗാവിലെ സെക്ടർ 84-ലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റ് തകർന്നു വീണ് കുട്ടിക്ക് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണ്. രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സംഭവിക്കുന്ന ഒഴിവാക്കാമായിരുന്ന നാലാമത്തെ വലിയ ദുരന്തമാണിത്.

കഴിഞ്ഞ നവംബറിലും ഈ വർഷം ഏപ്രിലിലുമായി സമാനമായ രീതിയിൽ മറ്റ് മൂന്ന് അപകടങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മൂന്ന് സംഭവങ്ങളിലും അപകടത്തിൽപ്പെട്ട യുവാക്കൾ മരണപ്പെടുകയാണുണ്ടായത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രിലിൽ പൂനെയിലെ ടോളാനി മറൈൻ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു ഇത്തരമൊരു ദുരന്തം നടന്നത്.

ബാസ്‌ക്കറ്റ്‌ബോൾ ഹൂപ്പിൽ പിടിച്ച് പുൾ-അപ്പുകൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭാരമേറിയ ഫ്രെയിം തകർന്നു വീണ് ഉത്തർപ്രദേശ് ബസ്തി സ്വദേശിയായ വിശാൽ വർമ്മ (20) എന്ന വിദ്യാർത്ഥിയാണ് അന്ന് മരണപ്പെട്ടത്. 

കഴിഞ്ഞ നവംബറിൽ ഹരിയാനയിലെ രോത്തക് ജില്ലയിൽ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ താരമായ 16 കാരൻ ഹാർദിക് രാഥിയും സമാനമായ രീതിയിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. പരിശീലനത്തിനിടയിൽ ബാസ്‌ക്കറ്റ്‌ബോൾ റിമ്മിൽ പിടിച്ച് തൂങ്ങിയപ്പോൾ പോസ്റ്റ് തകർന്ന് വീഴുകയായിരുന്നു.

കളിക്കളങ്ങളിൽ ജീവനെടുക്കുന്ന ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റുകൾക്ക് സുരക്ഷാ കവചമൊരുക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കൃത്യമായ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും നടപ്പിലാക്കാത്തതാണ് തുടർച്ചയായ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന് വ്യാപക വിമർശനമുണ്ട്.

അപ്പാർട്ട്‌മെന്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള കളിസ്ഥലങ്ങളിലെ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും കൃത്യമായ ഇടവേളകളിൽ ഇൻസ്‌പെക്ഷൻ നടത്താനും അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടികൾ ഉണ്ടാകണമെന്നാണ് കായികപ്രേമികളും രക്ഷിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373679/gurugram-basketball-hoop-collapse-child-injured-fourth-incident-)