---
title: "ആ മാസത്തെ ശമ്പളമെവിടെ...? മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളം നൽകിയില്ല; നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് തടസം"
english_title: "Former Ministers Personal Staff Salary Pending In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373678/former-ministers-personal-staff-salary-pending-kerala"
published_at: "2026-07-21T12:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f1612b6b8b_former-ministers-personal-staff-salary-pending-kerala.jpg"
keywords: ["Formar Minister", "Kerala", "Ministers", "Personal Staff", "Salary", "Secretariat"]
---

# ആ മാസത്തെ ശമ്പളമെവിടെ...? മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളം നൽകിയില്ല; നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് തടസം

> **Lead Summary:** **തിരുവനന്തപുരം: മുൻ** സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം നൽകിയില്ലെന്ന് പരാതി. സർക്കാർ സർവീസിന് പുറത്ത് നിന്ന് സ്റ്റാഫായി എത്തിയവർക്കാണ് മെയ് മാസത്തെ ശമ്പളം ലഭിക്കാത്തത്.നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതാണ് ശമ്പള വിതരണത്തിന് തടസമായിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: മുൻ** സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം നൽകിയില്ലെന്ന് പരാതി. സർക്കാർ സർവീസിന് പുറത്ത് നിന്ന് സ്റ്റാഫായി എത്തിയവർക്കാണ് മെയ് മാസത്തെ ശമ്പളം ലഭിക്കാത്തത്.നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതാണ് ശമ്പള വിതരണത്തിന് തടസമായിരിക്കുന്നത്.

ഇത്തരം സർട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളം നൽകരുതെന്നാണ് പൊതുഭരണ വകുപ്പിന്റെ കുറിപ്പ്.ശമ്പളം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പ്രൈവറ്റ് സെക്രട്ടറി മുതൽ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് വരെയുള്ള പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളമാണ് നിലവിൽ തടഞ്ഞുവച്ചിരിക്കുന്നത്.

സർക്കാർ ഡെപ്യൂട്ടേഷനിൽ പേഴ്സണൽ സ്റ്റാഫിലേക്ക് എത്തിയവർക്ക് ജൂൺ 2ന് തന്നെ മെയ് മാസത്തെ ശമ്പളം വിതരണം ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയ നിയമനം വഴി എത്തിയവർക്കാണ് ശമ്പളം കിട്ടാത്തത്.സാധാരണഗതിയിൽ ശമ്പളം നൽകുന്നതിന് നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറില്ല.

വിരമിക്കൽ ആനുകൂല്യം നൽകുന്നതിനാണ് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അത് കൂടാതെ തന്നെ ബന്ധപ്പെട്ട ജീവനക്കാരന്റെ ഉത്തരവാദിത്തവുമല്ല. സെക്രട്ടേറിയറ്റിലെ അക്കൗണ്ട് സെക്ഷനാണ് സർട്ടിഫിക്കറ്റ് നൽകി ശമ്പളവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടത്.ഈ സാഹചര്യത്തിൽ നിലവിലെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന വിമർശനമാണ് ഉയരുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാതെ പലരും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഉടൻ പരിഹാരം വേണമെന്നും സ്റ്റാഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373678/former-ministers-personal-staff-salary-pending-kerala)