---
title: "'വി എസിന്റെ കാലത്തും സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ, അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ'; അനുസ്മരണ വേദിയിൽ തോമസ് ഐസക്ക് "
english_title: "Thomas Isaac Slams Communal Forces At VS Achuthanandan Remembrance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373669/thomas-isaac-vs-achuthanandan-remembrance-alappuzha"
published_at: "2026-07-21T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f0f80c7a17_thomas-isaac-vs-achuthanandan-remembrance-alappuzha.jpg"
keywords: ["Thomas Isaac", "VS Achuthanandan", "Alappuzha", "CPIM", "Pinarayi Vijayan"]
---

# 'വി എസിന്റെ കാലത്തും സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ, അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ'; അനുസ്മരണ വേദിയിൽ തോമസ് ഐസക്ക് 

> **Lead Summary:** **ആലപ്പുഴ: **വിഎസ് അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വിഎസിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**ആലപ്പുഴ: **വിഎസ് അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വിഎസിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

> "വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി എസിന്റെ കാലത്ത് ഉണ്ടായിട്ടില്ല. വി എസിന്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ. അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ" എന്ന് വിഎസ് അനുസ്മരണ യോഗത്തിൽ തോമസ് ഐസക് പരാമർശിച്ചു.

ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും സർക്കാരിനെതിരായ വോട്ടുകൾ പാർട്ടിക്ക് അനുകൂലമാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഎസിന്റെ ചരമവാർഷികം വിപുലമായ പരിപാടികളോടെയാണ് സിപിഎം ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർധ കായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ജീവിതവും പോരാട്ടങ്ങളും അനുസ്മരിച്ചുകൊണ്ടാണ് ഇന്നത്തെ പരിപാടികൾ.

കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും വലിയ ചുടുകാട്ടിൽ എത്തിയിട്ടുണ്ട്.വിഎസിന്റെ പേര് രാഷ്ട്രീയത്തിൽ ഒരു വിപ്ലവത്തിന്റെ പ്രതീകമാണെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ ഇന്നും പാർട്ടിക്ക് വഴികാട്ടിയാണെന്നും അനുസ്മരണ യോഗത്തിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373669/thomas-isaac-vs-achuthanandan-remembrance-alappuzha)