---
title: "'വിഎസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നു, വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു' - സജി ചെറിയാൻ"
english_title: "Saji Cherian Remembers VS Achuthanandan At Alappuzha Memorial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373662/saji-cherian-vs-memorial-alappuzha-mv-govindan-new"
published_at: "2026-07-21T11:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f08e396675_saji-cherian-vs-memorial-alappuzha-mv-govindan.jpg"
keywords: ["VS Achuthanandan", "Saji Cherian", "MV Govindan", "Pinarayi Vijayan", "Alappuzha", "Punnapra Vayalar", "CPI(M)"]
---

# 'വിഎസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നു, വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു' - സജി ചെറിയാൻ

> **Lead Summary:** **തിരുവനന്തപുരം: (https://t**ruevisionnews.com/) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയും രക്തസാക്ഷികളായ സഖാക്കൾക്കൊപ്പവും അവസാന നിമിഷം വരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വലിയ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ.

## Article Content

**തിരുവനന്തപുരം: (https://t**ruevisionnews.com/) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയും രക്തസാക്ഷികളായ സഖാക്കൾക്കൊപ്പവും അവസാന നിമിഷം വരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വലിയ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ.

 വലിയചുടുകാട്ടിൽ നടന്ന വി.എസ്. അച്യുതാനന്ദൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ഒരിക്കലും ക്ഷമിക്കില്ലായിരുന്നുവെന്നും, ഈ ഘട്ടത്തിൽ വി.എസ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേരിട്ട തിരിച്ചടികൾ മാറ്റി ആലപ്പുഴയിൽ ശക്തമായി തിരികെ വരുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

അതേസമയം, പുന്നപ്ര–വയലാർ സമരനായകനായ വി.എസ്. അച്യുതാനന്ദൻ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമ്മിച്ച വി.എസ് സ്മാരകം സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നാടിന് സമർപ്പിച്ചു. പ്രശസ്ത വാസ്തുശില്പി ജി. ശങ്കറാണ് സ്മാരകത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. തിരുവമ്പാടി ജങ്ഷൻ, കളർകോട് ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രകടനങ്ങൾ ആരംഭിക്കുന്നത്.

അതേസമയം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച നിലപാടുകളെല്ലാം ഇന്നും ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് മകൻ വി.എ. അരുൺകുമാർ. അഴിമതി, പരിസ്ഥിതി, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ എന്നിവയ്ക്കായി അവസാനം വരെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഈ നിലപാടുകൾ പുതിയ തലമുറ പഠനവിഷയമാക്കേണ്ടതാണെന്നും അരുൺകുമാർ പറഞ്ഞു. വി.എസിന്റെ ഒന്നാം ചരമദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിതാവിനെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. കുറേയധികം നാള്‍ അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു. കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു. ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് അച്ഛന് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഉള്ളപ്പോഴായിരുന്നു.

അപ്പോഴും അച്ഛന്‍ തിരക്കായിരുന്നു. പിന്നീട് വയ്യാതെ വന്ന സമയത്താണ് അച്ഛനെ നോക്കാന്‍ കുടുംബം ആകെ ഒരുമിച്ച് വന്നത്. അച്ഛന്‍ ഇല്ല എന്നുള്ളത് ഇന്നും അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍ എല്ലാവരും. അച്ഛന്‍ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് വിചാരിക്കാനാണ് മനസ് പറയുന്നത്. ആ ഒരു വിചാരവുമായാണ് ഞങ്ങള്‍ കഴിയുന്നത് – അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373662/saji-cherian-vs-memorial-alappuzha-mv-govindan-new)