---
title: "കണ്ണേ കരളേ വിഎസേ... വിപ്ലവ സൂര്യൻ്റെ ഓർമകൾക്ക് ഒരാണ്ട്, ആലപ്പുഴയിൽ സമുചിത ആഘോഷങ്ങൾ"
english_title: "VS Achuthanandan Remembrance Day Alappuzha Memorial Inauguration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373631/vs-achuthanandan-remembrance-day-alappuzha-memorial-inauguration"
published_at: "2026-07-21T09:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5eeee45ccc1_vs-achuthanandan-remembrance-day-alappuzha-memorial.jpg"
keywords: ["VS Achuthanandan", "CPM", "Alappuzha", "Remembrance Day", "Pinarayi"]
---

# കണ്ണേ കരളേ വിഎസേ... വിപ്ലവ സൂര്യൻ്റെ ഓർമകൾക്ക് ഒരാണ്ട്, ആലപ്പുഴയിൽ സമുചിത ആഘോഷങ്ങൾ

> **Lead Summary:** **തിരുവനന്തപുരം: ഒ**രു നൂറ്റാണ്ടിൻ്റെ സമര ജീവിതം ബാക്കിവെച്ച് വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഒരാണ്ട്. വിവാദങ്ങൾക്കിടയിൽ ഇന്ന് വിഎസ് ദിനം സമുചിതമായി ആഘോഷിക്കുകയാണ് സിപിഐഎം അണികൾ.

## Article Content

**തിരുവനന്തപുരം: ഒ**രു നൂറ്റാണ്ടിൻ്റെ സമര ജീവിതം ബാക്കിവെച്ച് വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഒരാണ്ട്. വിവാദങ്ങൾക്കിടയിൽ ഇന്ന് വിഎസ് ദിനം സമുചിതമായി ആഘോഷിക്കുകയാണ് സിപിഐഎം അണികൾ.

പുന്നപ്ര വയലാർ രക്തസാക്ഷികളുടെ സ്മരണകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ സ്മാരകം ഉയരുന്നത് വിഎസിന് വേണ്ടിയാണ്. രാഷ്ട്രീയ ജീവിതത്തിലുടനീളം വിവാദത്തേക്കാൾ വിപ്ലവാത്മകമായ നിലപാടുകൾ ആയിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന നേതാവിനെ നയിച്ചിരുന്നത്.

ആ വിപ്ലവ സൂര്യനെ ആലപ്പുഴയുടെ മണ്ണ് കണ്ണേ കരളേ വിഎസ് എന്ന മുദ്രാവാക്യം മുഴക്കി ഇന്നും അഭിവാദ്യം ചെയ്യുന്നു. പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീടിൻ്റെ ചുറ്റുമതിലിൽ നിറയെ ഒരുനാടിൻ്റെ മാനവികതയ്ക്കും രാഷ്ട്രീയ ബോധ്യത്തിനും വേലി കാത്ത വിഎസ് അച്യുതാനന്ദൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രയേടുകൾ വരച്ചിട്ടിരിക്കുന്നു.

വലിയ ചുടുകാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് മാത്രമായി സ്മൃതി മണ്ഡപം ഉയരുന്നത് ചരിത്രത്തിൽ ഇതാദ്യം. പാർട്ടി തീരുമാനത്തിന് പിന്നാലെ വിവാദങ്ങളും ചിലതുണ്ടായി. രക്തസാക്ഷി കുടുംബങ്ങൾ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. അതിനിടെ സ്മൃതി മണ്ഡപം പണിയുന്നതിൽ സിപിഐ സിപിഐഎം ആശയക്കുഴപ്പം. പിന്നാലെ വന്നു ദേശാഭിമാനി വാരാന്ത്യ പതിപ്പ് പ്രസിദ്ധീകരിക്കാത്ത നടപടി. അതൃപ്തിയുണ്ടെങ്കിലും അടക്കിപ്പിടിച്ച പ്രതികരണമാണ് വിഎസിൻ്റെ മകൻ അരുൺകുമാറിൻ്റേത്.

സ്വാതന്ത്ര്യസമര കാലഘട്ടവും പിന്നീട് വന്ന അടിയന്തരാവസ്ഥ കാലഘട്ടവും അടക്കം കൊടിയ പീഡനത്തിന്റെ തീ ചൂളയിൽ ചവിട്ടി നടന്ന വിഎസ് അച്യുതാനന്ദൻ്റെ ജീവിതം ആലപ്പുഴക്കാർക്ക് മാത്രമല്ല കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റ് വിശ്വസിക്കും തീഷ്ണമായ വിപ്ലവ സ്മരണയാണ്.

വിഎസിന്റെ ജീവൻ തുളുമ്പുന്ന ഒരു ശില്പവും തയ്യാറായിട്ടുണ്ട്. പറവൂരിലെ വേലിക്കകത്ത് വീട്ടിലാണ് ശില്പം സ്ഥാപിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കം സിപിഐഎമ്മിൻ്റെ നിരവധിയായ പ്രവർത്തകരാണ് വലിയ ചൂട് കാട്ടിലേക്ക് ഇന്ന് ഒഴുകിയെത്തുക.

രാവിലെ എട്ടുമണിക്ക് പതാക ഉയർത്തലിനും പുഷ്പാർച്ചനക്കും ശേഷം നടക്കുന്ന അനുസ്മരണയോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാവും. 5 ഏരിയ കമ്മിറ്റികൾ ചേർന്ന് നടത്തുന്ന വിപുലമായ മാർച്ചോടുകൂടി വൈകിട്ട് അഞ്ചുമണിക്ക് ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373631/vs-achuthanandan-remembrance-day-alappuzha-memorial-inauguration)