---
title: "സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; ഐപിഎസ് ട്രെയിനി ഓഫീസർ അബോധാവസ്ഥയിൽ ആശുപത്രിയിൽ, ജീവനൊടുക്കാൻ ശ്രമമെന്ന് സംശയം"
english_title: "Trainee IPS Officer Attempts Suicide Over Sexual Harassment Allegations in Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373620/trainee-ips-officer-attempts-suicide-hyderabad-harassment-case-"
published_at: "2026-07-21T08:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ee48c28aa8_URL_Slug-_trainee-ips-officer-attempts-suicide-hyderabad-harassment-case.jpg"
keywords: ["Trainee IPS officer", "Hyderabad IPS case", "IPS officer suicide attempt", "IPS harassment case", "Telangana police news"]
---

# സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; ഐപിഎസ് ട്രെയിനി ഓഫീസർ അബോധാവസ്ഥയിൽ ആശുപത്രിയിൽ, ജീവനൊടുക്കാൻ ശ്രമമെന്ന് സംശയം

> **Lead Summary:** **ഹൈദരാബാദ്: ** സഹപ്രവർത്തകയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയായ ട്രെയിനി ഓഫീസർ ജീവനൊടുക്കാൻ ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ സഹോദരന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം.

## Article Content

**ഹൈദരാബാദ്: ** സഹപ്രവർത്തകയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയായ ട്രെയിനി ഓഫീസർ ജീവനൊടുക്കാൻ ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ സഹോദരന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം.

അബോധാവസ്ഥയിലായ ഇയാളെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

രാവിലെ 9.30-ഓടെയാണ് ട്രെയിനി ഓഫീസറെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചതെന്നും, എന്തെങ്കിലും വിഷാംശമുള്ള വസ്തു ഉള്ളിൽ ചെന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്നും ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. കിടക്കയ്ക്കരികിൽ മദ്യക്കുപ്പിയും സാനിറ്റൈസറും കണ്ടതിനെത്തുടർന്നാണ് ഹാനികരമായ എന്തോ കഴിച്ചിരിക്കാമെന്ന് ബന്ധുക്കളും സംശയിക്കുന്നത്. രക്തപരിശോധനാ ഫലം വന്നതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

അതേസമയം, പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ജൂൺ 23 മുതൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചും അക്കാദമിയിൽ സുഹൃത്തുക്കളുടെ മുന്നിൽവെച്ച് അപമാനിച്ചും ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് മുപ്പതുകാരിയായ വനിതാ ഉദ്യോഗസ്ഥയുടെ പരാതി.

കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും, സ്വകാര്യ വീഡിയോ പകർത്തി ഭർത്താവിന് അയച്ചുകൊടുത്ത് ബ്ലാക്ക്മെയ്ൽ ചെയ്യാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ അട്ടാപൂർ പോലീസ് ജൂലൈ 18-ന് ബിഎൻഎസ്, ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകാനിരിക്കെയാണ് സംഭവം. മുൻപ് ആന്ധ്രാപ്രദേശ് പോലീസിൽ കോൺസ്റ്റബിളായിരുന്ന ഇയാൾ, കേസ് രജിസ്റ്റർ ചെയ്തതോടെ അക്കാദമി വിട്ടിരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373620/trainee-ips-officer-attempts-suicide-hyderabad-harassment-case-)