---
title: "കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ് "
english_title: "Kannur Airport Customs Harassment Complaint Filed By Passenger"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373618/kannur-airport-customs-harassment-complaint-passenger"
published_at: "2026-07-21T08:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5edf10a8ebd_kannur-airport-customs-harassment-complaint-passenger.jpg"
keywords: ["Kannur Airport", "Customs", "Harassment", "Passenger", "Complaint"]
---

# കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ് 

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത പീഡനം നേരിടേണ്ടിവന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്. വസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥർ പരിഹസിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു.

## Article Content

**കണ്ണൂർ : ** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത പീഡനം നേരിടേണ്ടിവന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്. വസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥർ പരിഹസിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു.

ദുബൈയിൽ ഇൻഫർമേഷൻ ടെക്നോളജി മാനേജർ കാസർകോട് കൊളമ്പക്കലിലെ ഹുസൈനാർ മഹ്ഷാദ് ആണ് പരാതി നൽകിയത്. കഴിഞ്ഞ 19ന് ഫുജൈറയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ രാവിലെ ഒമ്പതോടെയാണ് വിമാനത്താവളത്തിൽ എത്തിയത്.

‘‘ബാഗേജ് ശേഖരിച്ചശേഷം കസ്റ്റംസ് പരിശോധന മേഖലയിലേക്ക് പോയപ്പോൾ വനിത കസ്റ്റംസ് ഉദ്യോഗസ്ഥ പാസ്‌പോർട്ട് വാങ്ങി പരിശോധിച്ചു. ലഗേജിൽനിന്ന് നിയമവിരുദ്ധ വസ്തുവോ പ്രഖ്യാപിക്കാത്ത സ്വർണമോ സംശയാസ്പദമായ സാധനങ്ങളോ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി ദേഹ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു.

ഒരുഘട്ടത്തിലും ഉദ്യോഗസ്ഥരോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. പരിശോധനക്കിടെ ഷർട്ട് ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും വസ്ത്രങ്ങൾ വേർതിരിച്ച് സ്കാനിങ്ങും നടത്തി. ഈ പരിശോധനയിലും ശരീരത്തിൽ നിന്നോ വസ്ത്രങ്ങളിൽ നിന്നോ ഒരുനിയമവിരുദ്ധ വസ്തുവോ സ്വർണമോ നിരോധിത സാധനങ്ങളോ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

വസ്ത്രം ധരിച്ച് പരിശോധന മുറിക്ക് പുറത്തിറങ്ങിയപ്പോൾ നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥരും ജീവനക്കാരും കൂട്ടംകൂടി നിൽക്കുകയായിരുന്നു. തന്നെ നോക്കി അവർ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പെരുമാറ്റവും അങ്ങേയറ്റം അപമാനിതനാക്കി. ആവശ്യമായ നടപടിയെടുക്കണം’’ -മഹ്ഷാദ് പരാതിയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373618/kannur-airport-customs-harassment-complaint-passenger)