---
title: " 'നോക്കാന്‍ ആരുമില്ല'; 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി"
english_title: "Andhra Pradesh Mother Daughter Suicide: 80-Year-Old Woman and Daughter Jump Into Canal in Konaseema"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373599/andhra-pradesh-konaseema-mother-daughter-suicide-canal"
published_at: "2026-07-20T22:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e58922f98a_andhra-pradesh-konaseema-mother-daughter-suicide-canal.jpg"
keywords: ["Andhra Pradesh", "Konaseema", "Mother Daughter Suicide", "Dr BR Ambedkar Konaseema", "Canal Suicide"]
---

#  'നോക്കാന്‍ ആരുമില്ല'; 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി

> **Lead Summary:** അമരാവതി: തന്റെ മരണശേഷം പ്രായമായ അമ്മയെ പരിചരിക്കാൻ ആരുമുണ്ടാകില്ലെന്ന ആശങ്കയെത്തുടർന്ന് അമ്മയും മകളും ഒരുമിച്ച് ജീവനൊടുക്കിയ ദാരുണ സംഭവം ആന്ധ്രാപ്രദേശിൽ. ഡോ. ബി. ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റാവുലപാലം മണ്ഡലത്തിനടുത്താണ് സംഭവം.

## Article Content

അമരാവതി: തന്റെ മരണശേഷം പ്രായമായ അമ്മയെ പരിചരിക്കാൻ ആരുമുണ്ടാകില്ലെന്ന ആശങ്കയെത്തുടർന്ന് അമ്മയും മകളും ഒരുമിച്ച് ജീവനൊടുക്കിയ ദാരുണ സംഭവം ആന്ധ്രാപ്രദേശിൽ. ഡോ. ബി. ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റാവുലപാലം മണ്ഡലത്തിനടുത്താണ് സംഭവം.

മരിച്ചത് വടപള്ളി ബുറമ്മ (80), മകൾ മീസാല സൂര്യവതി (56) എന്നിവരാണ്. ഞായറാഴ്ച രാവിലെ പള്ളിയിൽ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് മുക്തേശ്വരം പ്രധാന കനാലിന് കുറുകെയുള്ള പാലത്തിൽ നിന്ന് ഇവരുടെ ബൈബിളും വ്യക്തിഗത വസ്തുക്കളും കണ്ടെത്തി.

ഇരുവരും കനാലിലേക്ക് ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സൂര്യവതിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി കൊത്തപേട്ടയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 80 വയസ്സുള്ള ബുറമ്മയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.

വർഷങ്ങളായി നിരവധി കുടുംബപ്രശ്നങ്ങൾ സൂര്യവതി നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവ് മരിച്ചതിന് ശേഷം കാഴ്ചക്കുറവ് ഉൾപ്പെടെയുള്ള വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മ ബുറമ്മ സൂര്യവതിക്കൊപ്പം താമസിക്കാനെത്തി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാജനഗരത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ സൂര്യവതിയുടെ മൂത്ത മകൻ മരിച്ചത് കുടുംബത്തെ വലിയ തോതിൽ ബാധിച്ചു.

> ഇളയ മകനും മകളും വിവാഹിതരായതോടെ താൻ മരിച്ചാൽ പിന്നെ അമ്മയെ ആരാണ് നോക്കുക എന്ന ചിന്ത സൂര്യവതിയെ അലട്ടിയിരുന്നു. "അമ്മ അനാഥയാകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല" എന്ന് അവർ ബന്ധുക്കളോട് പലതവണ പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്.

ജീവനൊടുക്കുന്നതിനെക്കുറിച്ച് മുൻപും സംസാരിച്ചിരുന്നതായി കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.സൂര്യവതിയുടെ ഭർത്താവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തിൽ എത്തൂവെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373599/andhra-pradesh-konaseema-mother-daughter-suicide-canal)