---
title: "'മുക്കിക്കൊല്ലാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ നാദിർഷയെ രക്ഷിക്കാമായിരുന്നു'; വിദ്യാര്‍ഥിക്ക് കടലില്‍ വെച്ച്  മര്‍ദ്ദനമേറ്റ സംഭവം, വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി"
english_title: "Thrissur Thalikulam Sea Tragedy: Student Drowns, Friend Allegedly Assaulted by Local Man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373594/thrissur-thalikulam-sea-student-drowns-friend-assaulted-case"
published_at: "2026-07-20T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e4f5503255_thrissur-thalikulam-sea-student-drowns-friend-assaulted-case.jpg"
keywords: ["Thalikulam", "Sea Accident", "Student Drowning", "Vadakkara Police", "Child Safety"]
---

# 'മുക്കിക്കൊല്ലാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ നാദിർഷയെ രക്ഷിക്കാമായിരുന്നു'; വിദ്യാര്‍ഥിക്ക് കടലില്‍ വെച്ച്  മര്‍ദ്ദനമേറ്റ സംഭവം, വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

> **Lead Summary:** തൃശൂർ: തളിക്കുളം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി തിരയിൽപ്പെട്ട് മരിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. മരിച്ച വിദ്യാർഥിയോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരനെ നാട്ടുകാരൻ കടലിൽവെച്ച് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ പിതാവ് ജില്ലാ റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകി.

## Article Content

തൃശൂർ: തളിക്കുളം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി തിരയിൽപ്പെട്ട് മരിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. മരിച്ച വിദ്യാർഥിയോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരനെ നാട്ടുകാരൻ കടലിൽവെച്ച് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ പിതാവ് ജില്ലാ റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞ 18-ന് തളിക്കുളം തമ്പാൻകടവ് അറപ്പത്തോടിനു സമീപമാണ് സംഭവം. തൃത്തല്ലൂർ കമല നെഹ്‌റു സ്‌കൂളിലെ വിദ്യാർഥി നാദിർഷ ആണ് തിരയിൽപ്പെട്ട് മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന അതേ സ്‌കൂളിലെ വിദ്യാർഥി അബ്ദുൾ റഹ്മാനെ ഒരു നാട്ടുകാരൻ ക്രൂരമായി മർദ്ദിച്ചതായാണ് ആരോപണം.സംഭവത്തിൽ നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി വാടാനപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.

> എന്നാൽ ഇത് പര്യാപ്തമല്ലെന്നാണ് പരാതിക്കാരന്റെ നിലപാട്. തളിക്കുളം ത്രിവേണി പുതിയവീട്ടിൽ കാജാ മൊയ്തീൻ ആണ് എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്.പരാതിയിൽ പറയുന്നതിങ്ങനെ: "മകൻ അബ്ദുൾ റഹ്മാനെ കഴുത്തിന് പിടിച്ച് കടലിൽ പലതവണ മുക്കിപ്പിടിച്ചു.

> ശരീരമാസകലം കൈകൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് മകന് ബോധം നഷ്ടപ്പെട്ടു." തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃത്തല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകി.

> നില ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു."മർദ്ദിക്കാതെ അയാൾ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാമായിരുന്നു.

> മകനെ കടലിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ, മകനും കൂടെയുണ്ടായിരുന്നവർക്കും ഒരുമിച്ച് നാദിർഷയെ രക്ഷിക്കാനും കഴിയുമായിരുന്നു" എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373594/thrissur-thalikulam-sea-student-drowns-friend-assaulted-case)