---
title: "ചോരതിളച്ച ആ പാതിരാത്രികൾ, ഒടുവിൽ അവസാന വിസിലും മുഴങ്ങി; കീശകാലിയാക്കിയ കൂറ്റൻ കട്ടൗട്ടുകൾ തലതാഴ്ത്തുമ്പോൾ ...."
english_title: "Football Fever Ends In Kerala Fans Return To Normal Life"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373591/football-fever-ends-kerala-fans-memories"
published_at: "2026-07-20T21:52:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e52f04b2f4_football-fever-ends-kerala-fans-memories.jpg"
keywords: ["Messi", "Ronaldo", "Football Fans", "World Cup", "FIFA World Cup 2026", "Athira V"]
---

# ചോരതിളച്ച ആ പാതിരാത്രികൾ, ഒടുവിൽ അവസാന വിസിലും മുഴങ്ങി; കീശകാലിയാക്കിയ കൂറ്റൻ കട്ടൗട്ടുകൾ തലതാഴ്ത്തുമ്പോൾ ....

> **Lead Summary:** ** പു**ലർച്ചെ വരെ നീണ്ട ആവേശത്തിനൊടുവിൽ ആ വിസിൽ മുഴങ്ങി. മൈതാനങ്ങളിലെ ലൈറ്റുകൾ അണഞ്ഞു. ഗാലറികൾ പതുക്കെ വിജനമായി. ഇതിഹാസ മുഖങ്ങൾ വിങ്ങിപ്പൊട്ടി മൈതാനങ്ങളിൽ നിന്ന് വിടവാങ്ങി ... കഴിഞ്ഞ ഒരു മാസമായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഉറക്കമില്ലാ രാത്രികളിലേക്ക് നയിച്ച വലിയ ടൂർണമെന്റിനും തിരശ്ശീല വീണു.

## Article Content

** പു**ലർച്ചെ വരെ നീണ്ട ആവേശത്തിനൊടുവിൽ ആ വിസിൽ മുഴങ്ങി. മൈതാനങ്ങളിലെ ലൈറ്റുകൾ അണഞ്ഞു. ഗാലറികൾ പതുക്കെ വിജനമായി. ഇതിഹാസ മുഖങ്ങൾ വിങ്ങിപ്പൊട്ടി മൈതാനങ്ങളിൽ നിന്ന് വിടവാങ്ങി ... കഴിഞ്ഞ ഒരു മാസമായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഉറക്കമില്ലാ രാത്രികളിലേക്ക് നയിച്ച വലിയ ടൂർണമെന്റിനും തിരശ്ശീല വീണു.

പക്ഷേ, ടൂർണമെന്റ് അവസാനിച്ചത് മൈതാനത്ത് മാത്രമല്ല. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഫുട്ബോളിനെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന ഒരു വലിയ ആവേശത്തിനും കൂടിയാണ് ഇപ്പോൾ വിരാമമായത്. പ്രത്യേകിച്ച്, കഴിഞ്ഞ ഒരു മാസമായി ഫുട്ബോളിന്റെ താളത്തിൽ മാത്രം ജീവിച്ച മലയാളി യുവാക്കൾക്ക് ഇനി വരാനിരിക്കുന്ന ദിവസങ്ങൾ ഒരു ചെറിയ വിരഹം തന്നെയായിരിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രികൾക്ക് ഉറക്കമില്ലായിരുന്നു. കളി തുടങ്ങുന്നതിന് മുമ്പേ കൂട്ടുകാർ ഒത്തുകൂടും. ആരാണ് ജയിക്കുക, ആരാണ് തോൽക്കുക എന്നതിനെച്ചൊല്ലി ചർച്ചകൾ തുടങ്ങും. കളി തുടങ്ങിയാൽ പിന്നെ ഓരോ പാസിനും ഓരോ ഗോളിനും സ്വന്തം ടീമിന്റെ വിജയമെന്ന പോലെ ആവേശം. ഗോൾ വീണാൽ കെട്ടിപ്പിടിച്ചുള്ള ആഘോഷം. തോറ്റാൽ കൂട്ടമായി നിരാശ. കുറച്ച് നേരം കഴിഞ്ഞാൽ വീണ്ടും അടുത്ത മത്സരത്തെക്കുറിച്ചുള്ള ചർച്ച.

> കവലകളിലെ വലിയ സ്ക്രീനുകൾക്ക് മുന്നിൽ അർധരാത്രിയിലും ആളുകൾ നിറഞ്ഞുനിന്ന ആ കാഴ്ച ഇനി പതുക്കെ ഇല്ലാതാകും. ഒരു മാസം മുമ്പ് വരെ ഉറങ്ങാതിരുന്ന കവലകൾ വീണ്ടും പതിവ് രാത്രികളിലേക്ക് മടങ്ങും. “ഇന്നത്തെ കളി എവിടെ കാണും?” എന്ന് ചോദിച്ചിരുന്ന കൂട്ടുകാർ ഇനി വീണ്ടും സ്വന്തം ജോലികളിലേക്കും പഠനത്തിലേക്കും ജീവിതത്തിന്റെ തിരക്കുകളിലേക്കും മടങ്ങും.

ടൂർണമെന്റ് കഴിഞ്ഞെങ്കിലും കവലകളിൽ ഉയർന്ന ആ ഭീമൻ കട്ടൗട്ടുകളിലെ മൂന്ന് മുഖങ്ങൾ ആരാധകരുടെ മനസ്സിൽ നിന്നും അത്രപെട്ടെന്ന് മായില്ല. ലോകത്തിന്റെ ഏതോ കോണിൽ പന്തുരുളുമ്പോൾ ഇവിടെ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ മെസ്സിക്കും റൊണാൾഡോയ്ക്കും നെയ്മർക്കും വേണ്ടി ചോരതിളച്ച യുവാക്കൾ ഏറെയാണ്. ഈ മൂന്ന് ഇതിഹാസങ്ങളുടെ ഓരോ ചുവടും, ഓരോ ഗോളും, അവരുടെ കണ്ണീരും വരെ മലയാളി യുവാക്കൾ സ്വന്തം ജീവിതത്തോട് ചേർത്തുവെച്ചു. ഗ്രൗണ്ടിലെ അവരുടെ പോരാട്ട വീര്യം സോഷ്യൽ മീഡിയയിലും കവലകളിലും ആരാധകരുടെ വാശിപിടിച്ച യുദ്ധങ്ങളായി മാറുകയായിരുന്നു.

തോറ്റ് മടങ്ങുമ്പോൾ തലതാഴ്ത്തി നിൽക്കുന്ന റൊണാൾഡോയുടെയോ നെയ്മറുടെയോ മെസ്സിയുടെയോ ദൃശ്യങ്ങൾ കണ്ട് കണ്ണ് നിറഞ്ഞ മലയാളി ആരാധകർ ഈ രാത്രികളെ അത്രവേഗം മറക്കില്ല. ഒരു യുഗത്തിന്റെ സമാപ്തി കൂടിയാകുമോ ഇത് എന്ന നേർത്ത ഭയം ഉള്ളിലൊതുക്കിയാണ് പല യുവാക്കളും പ്രിയ താരങ്ങളുടെ ജേഴ്സികൾ അലമാരയിലേക്ക് മടക്കിവെക്കുന്നത്.

> ഗ്രാമങ്ങളിലെ കവലകളിൽ ഉയർന്നുനിന്ന കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും പതുക്കെ അഴിച്ചുമാറ്റും. ഇന്നലെ വരെ അഭിമാനത്തോടെ ഉയർന്നുനിന്നിരുന്ന ആ കട്ടൗട്ടുകൾ ഇനി ചില ദിവസങ്ങൾക്കുള്ളിൽ ഓർമ്മകളായി മാറും. കാറ്റിൽ ഉലയുന്ന ഫ്ലക്സുകൾ നോക്കി, “ഇനി അടുത്ത ടൂർണമെന്റ് വരെ കാത്തിരിക്കണം” എന്ന് നെടുവീർപ്പിടുന്ന ആരാധകരും നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയാകും.

> സ്വന്തം പോക്കറ്റ് മണി മാറ്റിവെച്ചും, നാട്ടുകാരിൽ നിന്ന് പണം പിരിച്ചും വലിയ സ്ക്രീനുകളും കട്ടൗട്ടുകളും ഒരുക്കാൻ മത്സരിച്ച യുവാക്കൾക്ക് ഇനി ആ കടങ്ങൾ വീട്ടിത്തീർക്കേണ്ടതുമുണ്ട്. എങ്കിലും, "കാശെത്ര പോയാലും കുഴപ്പമില്ല, വെക്കെടാ ഇതിന് മുകളിൽ ഒന്ന് " എന്ന് പറഞ്ഞ് ഒന്നിച്ച് കൊമ്പ് കോർത്ത ആ ദിവസങ്ങൾ നൽകിയ ഓർമ്മകൾ മറ്റൊന്നിനും തരാൻ കഴിയില്ലെന്ന് അവർക്കറിയാം. ലക്ഷങ്ങൾ മുടക്കി പടുകൂറ്റൻ കട്ട്ഔട്ടുകൾ ദിനം പ്രതി ഉയർത്തിയാണ് കളിക്കളത്തിന് പുറത്ത് അവർ ആവേശം വാനോളമുയർത്തിയത്. ഫുട്ബോളിന്റെ പേരിൽ ഒഴിഞ്ഞുപോയ പോക്കറ്റുകളേക്കാൾ, അത് തങ്ങൾക്ക് തന്ന സൗഹൃദത്തിന്റെ വലിയ സമ്പാദ്യമാണ് മലയാളി യുവാക്കൾ നെഞ്ചിലേറ്റുന്നത്.

> "ഞങ്ങളുടെ മെസ്സിക്ക് 50 അടി നീളമുണ്ടെങ്കിൽ, നിങ്ങളുടെ റൊണാൾഡോയ്ക്ക് 40 അടിയേ ഉള്ളൂ" എന്ന് പറഞ്ഞ് അടിയുണ്ടാക്കിയ ആ പഴയ കട്ടൗട്ട് യുദ്ധങ്ങൾ ഇനി ചിരിയോർമ്മയാകും. തൊട്ടടുത്തുള്ള ക്ലബ്ബുകളേക്കാൾ വലിയ ബാനർ സ്വന്തം കവലയിൽ ഉയർത്താൻ വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട കൗമാരക്കാരുടെ ആ വാശിയും ഈഗോയും ഇപ്പോൾ ശാന്തമായിട്ടുണ്ട്.

ദിവസങ്ങളോളം ഒന്നിച്ച് ഇരുന്ന് ഫ്ലക്സുകൾ ഡിസൈൻ ചെയ്തതും, രാത്രികളിൽ പശ തേച്ച് ബാനറുകൾ ഒട്ടിച്ചതുമെല്ലാം വെറുമൊരു കളിപ്രേമം മാത്രമായിരുന്നില്ല. നാട്ടിൻപുറത്തെ അടിയും പിടിയും രാഷ്ട്രീയവും ഒക്കെ മറന്ന്, യുവാക്കൾ ഒരുമിച്ച് ഒരു ലക്ഷ്യത്തിന് വേണ്ടി കൈകോർത്ത നിമിഷങ്ങളായിരുന്നു അത്

വൈകുന്നേരങ്ങളിൽ ആളുകൾ നിറഞ്ഞിരുന്ന ടർഫുകളിലും ലോക്കൽ ഗ്രൗണ്ടുകളിലും ഇനി കുറച്ച് ദിവസത്തേക്ക് ആ പഴയ ബഹളം കുറയും. മത്സരങ്ങൾക്കിടയിൽ നടന്നിരുന്ന ഫുട്ബോൾ ചർച്ചകളും ബെറ്റുകളും വാശിപിടിച്ച തർക്കങ്ങളും ഒക്കെ പതുക്കെ അവസാനിക്കും. കളി കാണാൻ ഉറക്കമിളച്ചിരുന്നവർക്ക് ഇനി രാത്രികൾക്ക് എന്ത് ചെയ്യണമെന്ന ചോദ്യവും ഉണ്ടാകും.

> പന്തുരുളാത്ത രാത്രികളുടെ വിരസത മറികടക്കാൻ പലരും പഴയ മാച്ച് ഹൈലൈറ്റുകളിലേക്ക് വീണ്ടും തിരിയും. ഇഷ്ടപ്പെട്ട ഗോളുകൾ വീണ്ടും കാണും. പഴയ ആഘോഷ വീഡിയോകൾ വീണ്ടും ഷെയർ ചെയ്യും. ചിലർ തോറ്റ മത്സരത്തിന്റെ ഹൈലൈറ്റുകൾ കണ്ട് വീണ്ടും നിരാശപ്പെടും. മറ്റുചിലർ “അടുത്ത തവണ ഞങ്ങളുടെ ടീം തന്നെ” എന്ന് പറഞ്ഞ് ആശ്വാസം കണ്ടെത്തും.

കഴിഞ്ഞ നാലാഴ്ചയായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും നടന്നിരുന്ന ട്രോൾ യുദ്ധങ്ങൾക്കും ഇതോടെ താൽക്കാലിക വിരാമമാകും. ഒരു ടീമിന്റെ തോൽവിക്ക് പിന്നാലെ വന്നിരുന്ന ട്രോളുകളും മീമുകളും, ഗ്രൂപ്പുകളിൽ നടന്നിരുന്ന വാശിയേറിയ തർക്കങ്ങളും ഇനി കുറയും.

> “ഇന്നത്തെ സ്റ്റാറ്റസ് എന്തിടും?” എന്നൊരു ചെറിയ ആശയക്കുഴപ്പം പോലും ചില ഫുട്ബോൾ ആരാധകർക്ക് ഉണ്ടാകാം. ഇന്നലെ വരെ ഒരു ഗോളിനെച്ചൊല്ലി മണിക്കൂറുകളോളം ചർച്ച ചെയ്തിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ കുറയും. ഫുട്ബോൾ ഗ്രൂപ്പുകളിലെ ആക്ടീവ് മെമ്പർമാർ പതുക്കെ അപ്രത്യക്ഷരാകും.

അലക്കി ഉണക്കാൻ പോലും സമയം കിട്ടാതെ മാറി മാറി ധരിച്ചിരുന്ന ആ നീലയും വെള്ളയും, മഞ്ഞയും പച്ചയും, ചുവപ്പും കറുപ്പും ജേഴ്സികൾ ഇനി അലമാരയുടെ ഉള്ളിലേക്ക് മടക്കിവെക്കപ്പെടും. ആ ജേഴ്സികളണിഞ്ഞ് ബൈക്കിൽ കൂട്ടമായി പാഞ്ഞുപോയിരുന്ന ആ കൗമാരക്കാരുടെ കാഴ്ചകൾ ഇനി അടുത്ത വലിയൊരു ടൂർണമെന്റ് വരുന്നത് വരെ നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമാകും.

ഒടുവിൽ, ഒരു മാസം മുഴുവൻ നമ്മുടെ രാത്രികളെ ഉണർത്തിയ ഫുട്ബോൾ വീണ്ടും അതിന്റെ ഇടവേളയിലേക്ക് മടങ്ങുകയാണ്. പക്ഷേ, ആ ആവേശം പൂർണമായി അവസാനിക്കുന്നില്ല. ഒരു ഗാനം തീർന്നാലും അതിന്റെ ഈണം മനസ്സിൽ ബാക്കിയായിരിക്കുന്നതുപോലെ, ആ ഗോളുകളും ആഘോഷങ്ങളും തർക്കങ്ങളും ട്രോളുകളും ആരാധകരുടെ ഓർമ്മകളിൽ തുടരും.

അടുത്ത വലിയ മത്സരം വരുന്നത് വരെ… അടുത്ത വലിയ ടൂർണമെന്റ് തുടങ്ങുന്നത് വരെ… കേരളത്തിലെ ഫുട്ബോൾ ആരാധകർ ജേഴ്സികൾ അഴിച്ചുവെച്ച് വീണ്ടും അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373591/football-fever-ends-kerala-fans-memories)