---
title: "നിതിൻ രാജിൻ്റെ മരണം:  കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്"
english_title: "Kannur Anjarakkandy Medical College Case: Dr MK Ram Re-arrested by Crime Branch After Getting Bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373588/anjarakkandy-nithin-death-case-dr-mk-ram-rearrested-crime-branch"
published_at: "2026-07-20T21:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e4688ad575_anjarakkandy-nithin-death-case-dr-mk-ram-rearrested-crime-branch.jpg"
keywords: ["Nithin Raj", "Anjarakkandy Medical College", "Dr MK Ram", "Crime Branch", "Thalassery Court", "Kerala High Court", "Student Suicide"]
---

# നിതിൻ രാജിൻ്റെ മരണം:  കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

> **Lead Summary:** കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നൽകി വിട്ടയച്ച ഉടൻ ആയിരുന്നു അറസ്റ്റ്.

## Article Content

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നൽകി വിട്ടയച്ച ഉടൻ ആയിരുന്നു അറസ്റ്റ്.

സംഭവം തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.ജാമ്യം ലഭിച്ച് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ റാമിനെ ബലം പ്രയോഗിച്ച് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തുവെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ആരോപിക്കുന്നത്. ഇതേ തുടർന്ന് അഭിഭാഷകർ ജഡ്ജിയുടെ ചേംബറിലെത്തി പരാതി നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നേരത്തെ റാമിന് ജാമ്യം നൽകിയത്.

ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ വ്യക്തതയില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചിരുന്നു.ഞായറാഴ്ച കർണാടകയിലെ കുടകിൽ നിന്നാണ് റാമിനെ പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന സ്ഥലത്ത് വെച്ചായിരുന്നു അറസ്റ്റ്. കണ്ണൂരിൽ എത്തിച്ച ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒളിവ് ജീവിതത്തിൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാൾക്ക് ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ചയുണ്ടായതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.

> "പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവും" എന്നും കോടതി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എച്ച്. വെങ്കിടേഷിനെതിരെയും ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു.തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ 10-നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

അധ്യാപകരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373588/anjarakkandy-nithin-death-case-dr-mk-ram-rearrested-crime-branch)