---
title: "'പവർകട്ടിന് ശേഷം സർജറി നടത്താമല്ലോ, ജനറേറ്ററും പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ അത് അറിയിക്കണമായിരുന്നു'; രോ​ഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി"
english_title: "Kerala Health Minister K Muraleedharan Responds to Palode CHC Torch Light Treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373581/palode-chc-torch-light-treatment-k-muraleedharan-reaction"
published_at: "2026-07-20T20:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e322e9907a_palode-chc-torch-light-treatment-k-muraleedharan-reaction.jpg"
keywords: ["K Muraleedharan", "Palode CHC", "Kerala Health Department", "Power Cut", "Thiruvananthapuram", "Hospital Negligence"]
---

# 'പവർകട്ടിന് ശേഷം സർജറി നടത്താമല്ലോ, ജനറേറ്ററും പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ അത് അറിയിക്കണമായിരുന്നു'; രോ​ഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം.

> വൈദ്യുതി പ്രതിസന്ധി ഉണ്ടായാൽ ജനറേറ്റർ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പവർകട്ട് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെങ്കിലും ആശുപത്രികളിലെ അടിയന്തര ചികിത്സ മുടങ്ങാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. "ജനറേറ്ററും പ്രവർത്തിക്കുന്നില്ലെങ്കിൽ അത് ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതായിരുന്നു.

> ഇത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്" എന്നും മന്ത്രി വ്യക്തമാക്കി.സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മെഡിക്കൽ കോളജിൽ ചികിത്സ പൂർത്തിയാക്കിയ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാൻ തിങ്കളാഴ്ച രാവിലെയാണ് പാലോട് സിഎച്ച്‌സിയിൽ എത്തിയത്. ആ സമയത്ത് ആശുപത്രിയിൽ വൈദ്യുതി മുടങ്ങി. രോഗിയെ മടക്കി അയക്കാതെ, ഒപ്പം വന്ന ആളെക്കൊണ്ട് മൊബൈൽ ടോർച്ച് അടിപ്പിച്ചാണ് ആരോഗ്യപ്രവർത്തകർ മുറിവ് വൃത്തിയാക്കി ബാൻഡേജ് ചെയ്തത്.ആശുപത്രിയിൽ ജനറേറ്റർ ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത് തകരാറിലാണ്.

ഈ വിവരം മുകളിൽ അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്തിയില്ലെന്നാണ് ആരോപണം.തുടരെ ഉണ്ടാകുന്ന പവർകട്ടുകൾ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും രോഗികൾ പരാതിപ്പെടുന്നു. അടിയന്തര ഘട്ടമല്ലാത്തതിനാൽ മുറിവ് വെച്ചുകെട്ടുന്നത് വൈകിയാണെങ്കിലും ചെയ്യാമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പോലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് ഗുരുതരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373581/palode-chc-torch-light-treatment-k-muraleedharan-reaction)