---
title: "നിലപാടിൽ തിരുത്തില്ല; സർക്കാർ പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് വി.ഡി. സതീശൻ,  ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം തള്ളി"
english_title: "Kerala CM VD Satheesan Rejects KSU Demand to Remove Government Pleader Giona James"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373578/kerala-cm-vd-satheesan-rejects-ksu-demand-giona-james-pleader"
published_at: "2026-07-20T19:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5718c15bd4d_kerala-cm-data-driven-governance-file-delay-projects-mapping.jpg"
keywords: ["VD Satheesan", "KSU", "Aloysius Xavier", "Giona James", "Government Pleader", "UDF"]
---

# നിലപാടിൽ തിരുത്തില്ല; സർക്കാർ പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് വി.ഡി. സതീശൻ,  ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം തള്ളി

> **Lead Summary:** തിരുവനന്തപുരം: കെഎസ്‌യുവിന് വഴങ്ങാതെ മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി. ജിയോണ ജെയിംസിനെ മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നേരത്തെ പറഞ്ഞിരുന്നു.

## Article Content

തിരുവനന്തപുരം: കെഎസ്‌യുവിന് വഴങ്ങാതെ മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി. ജിയോണ ജെയിംസിനെ മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ പരാതി അംഗീകരിക്കില്ലെന്നും ജിയോണയെ മാറ്റില്ലെന്നുമായിരുന്നു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എടുത്ത നിലപാട്. പ്ലീഡര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചുവെന്നും കെഎസ്‌യു സ്പിരിറ്റ് ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ പോസിറ്റീവായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് പറഞ്ഞിരുന്നു. സര്‍ക്കാരിലും യുഡിഎഫിലും വിശ്വാസമുണ്ടെന്നും അലോഷ്യസ് കൂട്ടിച്ചേര്‍ത്തിരുന്നു.

'സര്‍ക്കാര്‍ പ്ലീഡര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. ഒരിക്കല്‍ കെഎസ്‌യു ആയാല്‍ ജീവിതാവസാനം വരെയും അവര്‍ കെഎസ്‌യു ആണ്. അതുള്‍ക്കൊണ്ട് ബാക്കി തീരുമാനങ്ങളെല്ലാം എടുക്കേണ്ടത് സര്‍ക്കാരാണ്. ഈ വിഷയത്തിന്റെ മെറിറ്റിനെ പറ്റിയല്ല സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വന്നത്.

ഇത് ഞങ്ങളുടെ കൂടി സര്‍ക്കാരാണ്. സര്‍ക്കാരിനെ മോശമാക്കുന്ന തരത്തിലെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം എന്തെന്ന് മുന്‍കൂട്ടി പറയാന്‍ ഞങ്ങളാളല്ല', അലോഷ്യസ് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് ചോദിച്ചിരുന്നു. കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്‌യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. 'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികള്‍' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസ് പ്രതികരിച്ചത്. വിരല്‍ ചൂണ്ടുന്ന ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിരുന്നു.

പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിലപാട് അറിയിക്കാൻ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ജിന്റോ ജോണും വി ആര്‍ അനൂപും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുമായിരുന്നു ജിന്റോ ജോണ്‍ പറഞ്ഞത്. പ്ലീഡര്‍ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌യുവിന്റെ ആവശ്യം ന്യായമാണെന്നും ജിന്റോ പറഞ്ഞിരുന്നു. ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചു എന്നായിരുന്നു അനൂപിന്റെ വിമര്‍ശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373578/kerala-cm-vd-satheesan-rejects-ksu-demand-giona-james-pleader)