---
title: "നോക്കി ഒന്ന് എടുത്തോളൂ...ഭാഗ്യം വിളിക്കുന്നു!  ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ ടിക്കറ്റ്‌ വിൽപനയിൽ  കുതിപ്പ്"
english_title: "Kerala Thiruvonam Bumper 2026 Lottery Sells 8.72 Lakh Tickets on Day 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373576/thiruvonam-bumper-2026-record-sales-first-day"
published_at: "2026-07-20T18:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e215f54157_thiruvonam-bumper-2026-record-sales-first-day.jpg"
keywords: ["Thiruvonam Bumper 2026", "Kerala Lottery", "Kerala State Lotteries", "Bumper Lottery Sales", "Onam Bumper", "Kerala Government"]
---

# നോക്കി ഒന്ന് എടുത്തോളൂ...ഭാഗ്യം വിളിക്കുന്നു!  ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ ടിക്കറ്റ്‌ വിൽപനയിൽ  കുതിപ്പ്

> **Lead Summary:** തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026-ന് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനം തന്നെ റെക്കോർഡ് കുറിച്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

## Article Content

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026-ന് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനം തന്നെ റെക്കോർഡ് കുറിച്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

ജൂലൈ 20-ന് വിൽപ്പന ആരംഭിച്ച തിരുവോണം ബംബറിന്റെ 8,72,540 ടിക്കറ്റുകളാണ് ആദ്യ ദിനം വിറ്റത്. കഴിഞ്ഞ വർഷം ആദ്യ ദിനം വിറ്റത് 3,17,850 ടിക്കറ്റുകൾ മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 5,54,690 ടിക്കറ്റുകളുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകാര്യതയും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രചാരണ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായിച്ചതായി വകുപ്പ് വിലയിരുത്തി.

ഓണം അടുക്കുന്നതോടെ വരും ദിവസങ്ങളിൽ തിരുവോണം ബംബർ ടിക്കറ്റുകൾക്കുള്ള ആവശ്യം കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോടികൾ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് തിരുവോണം ബംബർ നൽകുന്നത് എന്നതിനാൽ ജനങ്ങൾക്കിടയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്ന് ഡയറക്ടർ അറിയിച്ചു.

വ്യാജ ടിക്കറ്റുകൾ ഒഴിവാക്കാൻ ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിൽ ഒന്നാണ് സംസ്ഥാന ഭാഗ്യക്കുറി. ഓരോ ബമ്പർ നറുക്കെടുപ്പും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടം നൽകാറുണ്ട്. തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് തീയതി പിന്നീട് വകുപ്പ് അറിയിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373576/thiruvonam-bumper-2026-record-sales-first-day)