---
title: "പ്രിയദർശിനിയിൽ മോഷണം? അതിഥി തൊഴിലാളിക്ക് 15000 രൂപ നഷ്ടമായതായാണ് പരാതി, യാത്രക്കാരെ പരിശോധിച്ച് പൊലീസ്"
english_title: "Theft Reported in Kozhikode Priyadarshini Bus, Migrant Worker Loses Rs 15000"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373575/kozhikode-priyadarshini-bus-theft-migrant-worker-15000"
published_at: "2026-07-20T18:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e1eee8f1da_kozhikode-priyadarshini-bus-theft-migrant-worker-15000.jpg"
keywords: ["Priyadarshini Bus", "Kozhikode", "KSRTC", "Bus Theft", "Kundamangalam Police", "Free Bus Service"]
---

# പ്രിയദർശിനിയിൽ മോഷണം? അതിഥി തൊഴിലാളിക്ക് 15000 രൂപ നഷ്ടമായതായാണ് പരാതി, യാത്രക്കാരെ പരിശോധിച്ച് പൊലീസ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് - തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ മോഷണശ്രമം. അതിഥി തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന 15,000 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.

## Article Content

കോഴിക്കോട്: കോഴിക്കോട് - തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ മോഷണശ്രമം. അതിഥി തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന 15,000 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.

ഇന്ന് വൈകിട്ട് 4 മണിക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസിൽ വൻ തിരക്കുണ്ടായിരുന്നു. കുന്ദമംഗലം എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ അറിയുന്നത്. തുടർന്ന് ബസ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബസിലെ മുഴുവൻ യാത്രക്കാരെയും ഇറക്കി പോലീസ് വിശദമായ പരിശോധന നടത്തി. എന്നാൽ മോഷണം പോയ തുകയോ സംശയിക്കുന്ന ആളുകളെയോ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ബസിന്റെ യാത്ര അനുവദിച്ചു.

സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് പ്രിയദർശിനി ബസ് സർവീസ്. പദ്ധതി തുടങ്ങി ഒരു മാസം പൂർത്തിയാകുമ്പോൾ വലിയ വിജയമാണെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞതായി ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു.

പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാനാകുന്നുണ്ട്. ഇത് അവരുടെ യഥാർത്ഥ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെ വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അർബുദം, കരൾ രോഗം ബാധിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രികളിലേക്കുള്ള യാത്രയ്ക്ക് പദ്ധതി വലിയ ആശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പദ്ധതി നടപ്പായതോടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ, ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐ.പി.എസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373575/kozhikode-priyadarshini-bus-theft-migrant-worker-15000)